ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ ഇറാനിലേക്ക്

തെഹ്റാൻ: ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മാഈൽ ഹനിയ ഇന്ന് ഇറാൻ സന്ദർശിക്കും. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്‌ദുല്ലാഹിയാൻ അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് ഇറാൻ സർക്കാർ ഉടമസ്ഥതയിലുള്ള പ്രസ് ടി.വി റിപ്പോർട്ട് ചെയ്തു.

ഗസ്സയിൽ വെടിനിർത്തലിനും ബന്ദിമോചനത്തിനും ആഹ്വാനം ​ചെയ്യുന്ന പ്രമേയം യു.എൻ രക്ഷാസമിതി പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് ഹനിയയുടെ സന്ദർശനം. അതിനിടെ, പ്രമേയത്തെ ചൊല്ലി അമേരിക്കയും ഇസ്രായേലും പരസ്യമായ ഭിന്നത രൂപപ്പെട്ടു. യുദ്ധത്തിന്റെ തുടക്കം മുതൽ ഇസ്രായേലിനെ സംരക്ഷിച്ചു നിലകൊണ്ട അമേരിക്ക, ഇത്തവണ വീ​റ്റോ ചെയ്യാതെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇതിനെതിരെ കടുത്ത വിമർശനമാണ് ഇസ്രായേൽ അഴിച്ചുവിട്ടത്.

യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം അന്താരാഷ്ട്ര നിയമത്തിന് എതിരാ​ണെന്ന യു.എസ് ആരോപണം യു.എൻ മേധാവി അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് തള്ളി. റഫയിൽ ആക്രമണം അഴിച്ചുവിടാനുള്ള ഇസ്രായേൽ നീക്കത്തി​നെതിരെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ രംഗത്തുവന്നു. റഫയിൽ കരയാക്രമണം നടത്താതെ ബദൽ മാർഗം അവലംബിക്കണ​മെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറിനോട് ബ്ലിങ്കൻ പറഞ്ഞു.

അതിനിടെ, 172ാം ദിവസവും ഗസ്സയിൽ ഇസ്രായേൽ അതിക്രമം തുടരുകയാണ്. റഫയിൽ ഒരു വീടിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ നാല് കുട്ടികളടക്കം 15 പേർ കൊല്ലപ്പെട്ടു. ഇസ്രായേലി കുടിയേറ്റക്കാർ ഹെബ്രോണിന് വടക്കുള്ള ബെയ്ത്ത് ഉമർ പട്ടണം ആക്രമിച്ചു. വെസ്റ്റ് ബാങ്കിൽ നിന്ന് ഇന്ന് എട്ട് പേരെ ഇസ്രായേൽ സേന പിടിച്ചുകൊണ്ടുപോയി. 

Tags:    
News Summary - Hamas leader Ismail Haniyeh to head to Iran today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.