ഈ വർഷത്തെ ആദ്യ ഹജ്ജ് തീർഥാടക സംഘത്തിന് മക്കയിൽ സന്നദ്ധപ്രവർത്തകർ സ്വീകരണം നൽകിയപ്പോൾ
മക്ക: ഈ വർഷത്തെ ഹജ്ജിനുള്ള ആദ്യ മലയാളി തീർഥാടക സംഘം മക്കയിലെത്തി. ശനിയാഴ്ച അർധരാത്രി ഇൻഡിഗോ വിമാനത്തിൽ കോഴിക്കോടുനിന്ന് പുറപ്പെട്ട 126 തീർഥാടകരാണ് ഞായറാഴ്ച പുലർച്ച ആറോടെ ജിദ്ദയിൽ ഇറങ്ങിയത്. അൽഹിന്ദ് ഹജ്ജ് ഗ്രൂപ്പിന് കീഴിൽ എത്തിയ തീർഥാടകരെ ബസ് മാർഗം മക്കയിലെത്തിച്ചു. മലയാളി സന്നദ്ധ പ്രവർത്തകർ ഊഷ്മള വരവേൽപ് നൽകി.
മധുരവും സമ്മാനങ്ങളും നൽകിയാണ് ഹാജിമാരെ തീർഥാടകർക്കൊരുക്കിയ താമസസ്ഥലത്ത് സ്വീകരിച്ചത്. ഹോട്ടലിൽ വിശ്രമിച്ചശേഷം ഉച്ചയോടെ സംഘം മസ്ജിദുൽ ഹറാമിലെത്തി ഉംറ നിർവഹിച്ചു. വരും ദിനങ്ങളിൽ ഹാജിമാർ മസ്ജിദുൽ ഹറാമിൽ നമസ്കാരവും പ്രാർഥനയുമായി കഴിയും. മക്കയിലെ വിവിധ ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കും.
സ്വകാര്യ ഗ്രൂപ്പിൽ എത്തിയ ഹാജിമാരിൽ ഭൂരിഭാഗവും ഹജ്ജിനു മുമ്പ് മദീന സന്ദർശനം പൂർത്തിയാക്കും. ഹജ്ജിന് ശേഷം ജിദ്ദ വഴിയാകും മടക്കം. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള തീർഥാടകർ 10 മുതൽ ജിദ്ദ വഴി എത്തും. ഹജ്ജിനുശേഷം മദീന വഴിയാകും ഇവർ മടങ്ങുക. മക്കയിൽ ഹാജിമാർക്കുവേണ്ട മുഴുവൻ ഒരുക്കവും ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ പൂർത്തിയായിട്ടുണ്ട്.
ആദ്യ സംഘത്തെ സ്വീകരിക്കാൻ കെ.എം.സി.സി നാഷനൽ ഹജ്ജ് കമ്മിറ്റി ജനറൽ കൺവീനർ മുജീബ് പൂകോട്ടൂർ, സുലൈമാൻ മാളിയേക്കൽ, നാസർ കിൻസാറ, മുസ്തഫ മുഞ്ഞക്കുളം, കുഞ്ഞാപ്പ പൂക്കോട്ടൂർ, എം.സി. നാസർ, സക്കീർ കാഞ്ഞങ്ങാട്, സിദ്ധിഖ് കൂട്ടിലങ്ങാടി, സമീർ കൊട്ടുകര എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.