ഭീകരസംഘടനകൾക്ക് സഹായം: ഹാഫിസ് സഈദിന് 32 വർഷം തടവ്

ഇസ്‍ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും നിരോധിത സംഘടനയായ ജമാഅത്തുദ്ദഅ്‍വയുടെ തലവനുമായ ഹാഫിസ് സഈദിന് 32 വർഷം കൂടി തടവുശിക്ഷ. ഭീകരസംഘടനകൾക്ക് സാമ്പത്തികസഹായം നൽകിയ രണ്ടിലേറെ കേസുകളിലാണ് പാക് ഭീകരവിരുദ്ധ കോടതി ശിക്ഷ വിധിച്ചത്. ഇതുമായി ബന്ധപ്പെട്ട അഞ്ച് കേസുകളിൽ 70കാരനായ സഈദിനെ നേരത്തേ 36 വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതോടെ സഈദ് 68 വർഷം തടവുശിക്ഷ അനുഭവിക്കണം.

പഞ്ചാബ് പോലീസിന്റെ ഭീകരവിരുദ്ധ വകുപ്പ് രജിസ്റ്റര്‍ ചെയ്ത 21/ 19, 90/ 21 കേസുകളിലാണ് ശിക്ഷിക്കപ്പെട്ടത്. ആദ്യത്തേതിന് 15.5 കൊല്ലവും രണ്ടാമത്തേതിന് 16.5 കൊല്ലവുമാണ് ഭീകരവാദ വിരുദ്ധ കോടതി ജഡ്ജി ഇജാസ് അഹമ്മദ് ഭുട്ടര്‍ ശിക്ഷ വിധിച്ചത്. അതോടൊപ്പം 3,40,000 പാകിസ്താൻ രൂപ പിഴയും ചുമത്തി. 2019 മുതൽ ലാഹോറിലെ കോട്‍ലഖ്പത് ജയിലിൽ കഴിയുകയാണ് സഈദ്.

യു.എൻ തീവ്രവാദിയായി മുദ്രകുത്തിയ സഈദിന്റെ തലക്ക് യു.എസ് 10 മില്യൺ ഡോളർ വിലയിട്ടിരുന്നു. 2019ല്‍ കോടതിയിൽ ഹാജരാകാന്‍ ലാഹോറില്‍നിന്ന് ഗുജ്‌രാന്‍വാലയിലേക്കുള്ള യാത്രയ്ക്കിടെയാണ് പഞ്ചാബ് പോലീസ് ഭീകരവിരുദ്ധ വിഭാഗം സഈദിനെ അറസ്റ്റ് ചെയ്തത്. ഭീകരസംഘടനകൾക്ക് സാമ്പത്തികസഹായം നൽകിയ കേസിലായിരുന്നു അത്. പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ യു.എസ് സന്ദര്‍ശനത്തിന് തൊട്ടുമുന്‍പായിരുന്നു അറസ്റ്റ്.

Tags:    
News Summary - Hafiz Saeed jailed for 32 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.