ഗസ്സ: ലോകവും ചരിത്രവും എല്ലാം കാണുന്നു, എന്തെങ്കിലും ചെയ്തേ പറ്റൂ -അന്റോണിയോ ഗുട്ടെറസ്

ഗസ്സ: ഗസ്സയിലെ ജനങ്ങളുടെ നരകയാതന അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ലോകവും ചരിത്രവും എല്ലാം കാണുന്നുണ്ടെന്നും ഇത് പ്രവർത്തിക്കാനുള്ള സമയമാണെന്നും അദ്ദേഹം പറഞ്ഞു. വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യ​പ്പെ​ടാ​ൻ യു.​എ​ൻ ചാ​ർ​ട്ട​റി​ലെ 99ാം അ​നു​ച്ഛേ​ദ പ്ര​കാ​രം സെക്രട്ടറി ജനറലിന്റെ പ്ര​ത്യേ​കാ​ധി​കാ​രം പ്ര​യോ​ഗി​ച്ച് വിളിച്ചുചേർത്ത അടിയന്തര രക്ഷാസമിതിയിൽ സംസാരിക്കുകയായിരുന്നു ഗുട്ടെറസ്.

‘‘ഇസ്രായേൽ സൈനികനീക്കത്തിൽ 17,000 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ 4,000-ത്തിലധികം പേർ സ്ത്രീകളും 7,000 കുട്ടികളുമാണ്. പതിനായിരക്കണക്കിന് പേർക്ക് പരിക്കേറ്റു. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിലാണ്. ഈ സംഖ്യകളെല്ലാം അനുദിനം വർധിച്ചുകൊണ്ടിരിക്കുന്നു.

വായുവിൽ നിന്നും കരയിൽ നിന്നും കടലിൽ നിന്നുമുള്ള ആക്രമണങ്ങൾ ദിവസവും തീവ്രമാക്കുകയാണ്. ഇതുവരെ 339 വിദ്യാഭ്യാസ സൗകര്യങ്ങൾ, 26 ആശുപത്രികൾ, 56 ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ, 88 പള്ളികൾ, മൂന്ന് ചർച്ചുകൾ എന്നിവ അവർ നശിപ്പിച്ചു. ഗസ്സയിലെ 60 ശതമാനത്തിലധികം ഭവനങ്ങളും -ഏകദേശം 3,00,000 വീടുകളും അപ്പാർട്ടുമെന്റുകളും- നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു. ജനസംഖ്യയുടെ 85 ശതമാനവും വീടുകളിൽ നിന്ന് നിർബന്ധിതമായി കുടിയൊഴിപ്പിക്കപ്പെട്ടു.

ഗസ്സയിലെ ജനങ്ങളെ ഗെയിമിലെ പിൻബോളുകളെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും ഉരുട്ടുകയാണ്. അതിജീവനത്തിനുള്ള യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത തെക്കൻഗസ്സയിലെ ചെറിയ സ്ഥ​ലത്തേക്കാണ് അവരെ തള്ളുന്നത്. ഗസ്സയിൽ ഒരിടവും സുരക്ഷിതമല്ല. കുറഞ്ഞത് 88 യുഎൻ അഭയാർഥി ഷെൽട്ടറുകൾ തകർത്തു. അഭയകേന്ദ്രങ്ങളിൽ ആളുകൾ തിങ്ങിനിറഞ്ഞ് വൃത്തിഹീനവുമാണ് അവസ്ഥ.

എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾ രണ്ടുമാസമായി ഉടുത്ത വസ്ത്രങ്ങളുമായി വെറും കോൺക്രീറ്റ് തറയിലാണ് ഉറങ്ങുന്നത്. കുടിയൊഴിപ്പിക്കപ്പെട്ട നിരവധി കുടുംബങ്ങൾ- കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, വൈകല്യമുള്ളവർ എന്നിവരുൾപ്പെടെ -നഗരത്തിലുടനീളം തെരുവുകളിലും പൊതു ഇടങ്ങളിലും ഉറങ്ങുകയാണ്.

സിവിലിയന്മാരുടെ സംരക്ഷണം ഉറപ്പുവരുത്താനും ജീവൻരക്ഷാ സാധനങ്ങൾ എത്തിക്കാനും അടിയന്തരമായി വെടിനിർത്തണം. ലോകവും ചരിത്രവും എല്ലാം കാണുന്നുണ്ട്. ഇത് പ്രവർത്തിക്കാനുള്ള സമയമാണ്. ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥർക്കും വളന്റിയർമാർക്കും നേരെ ഗസ്സയിൽ അക്രമം തുടരുകയാണ്. 130ലേറെ സഹപ്രവർത്തകർ ഇതുവരെ കൊല്ലപ്പെട്ടു. ഇത്രയേറെ യു.എൻ ഉദ്യോഗസ്ഥരും വളന്റിയർമാരും കൊല്ലപ്പെട്ട കാലം ചരിത്രത്തിൽ ഉണ്ടായിട്ടില്ല.

ജീവൻ അപകടത്തിലായിട്ടും മാനുഷിക സേവനം ചെയ്യുന്ന ഹീറോകളായ സഹപ്രവർത്തകരെ അഭിവാദ്യം ചെയ്യുകയാണ്. അവർ സുരക്ഷിതരല്ലെന്ന കാര്യം ഓർമിപ്പിക്കട്ടെ. ബോംബാക്രമണം രൂക്ഷമായി തുടരുകയാണ്.

സന്നദ്ധ പ്രവർത്തകരുടെയടക്കം നീക്കങ്ങൾ ഇസ്രായേൽ സൈന്യം തടസ്സപ്പെടുത്തുന്നു. സുരക്ഷിതമായ ഒരിടവും ഗസ്സയിലില്ല. ഗസ്സയിലെ ജനങ്ങൾ ഭക്ഷണവും വെള്ളവും ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. ഇന്ധനക്ഷാമവുമുണ്ട്. ആശയവിനിമയ സംവിധാനങ്ങൾ തകർന്നു. പ്രതിദിനം ചുരുങ്ങിയത് 40 ട്രക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കേണ്ടതുണ്ട്. ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണം ഫലസ്തീനിലെ ജനങ്ങളെയൊന്നാകെ കൊന്നൊടുക്കാനുള്ള ന്യായമല്ല’’-അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

Tags:    
News Summary - Guterres calls for ‘immediate humanitarian ceasefire’, The eyes of the world and the eyes of history are watching. It is time to act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.