അബുജ: നൈജീരിയയിലെ സ്വകാര്യ കാത്തലിക് സ്കൂളിൽ തോക്കുധാരികൾ അതിക്രമിച്ചുകയറി 303 വിദ്യാർഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയതായി ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ. നൈഗർ നോർത്ത് സെന്ററിലെ സെന്റ് മേരീസ് കാത്തലിക് സ്കൂളിൽ വെള്ളിയാഴ്ചയായിരുന്നു ആക്രമണം. നേരത്തേ 215 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയതെന്നായിരുന്നു വിവരം. എന്നാൽ, ശനിയാഴ്ച കുട്ടികളുടെ കണക്കെടുത്തുവെന്നും ഇതിൽ 300ലധികം കുട്ടികളെ കാണാനില്ലെന്നും സി.എ.എന്നിന്റെ നൈജർ സ്റ്റേറ്റ് ചാപ്റ്റർ ചെയർമാൻ മോസ്റ്റ് റവറന്റ് ബുലസ് ദൗവ യോഹന്ന വെള്ളിയാഴ്ച സ്കൂൾ സന്ദർശിച്ചശേഷം പ്രസ്താവനയിലൂടെ അറിയിച്ചു.
10നും 18നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയുമാണ് തട്ടിക്കൊണ്ടുപോയതെന്നും ആക്രമണത്തിനിടെ 88 കുട്ടികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവരെ പിടികൂടിയതായും അദ്ദേഹം പറഞ്ഞു.
170 കിലോമീറ്റർ അകലെ അയൽ സംസ്ഥാനമായ കെബ്ബിയിലെ മാഗ പട്ടണത്തിലെ സെക്കൻഡറി സ്കൂളിൽ തിങ്കളാഴ്ച ആയുധധാരികൾ അതിക്രമിച്ചുകയറി 25 സ്കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെയാണ് സമാനസംഭവം. അതിൽ ഒരു പെൺകുട്ടി രക്ഷപ്പെട്ടിരുന്നു. 24 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രണ്ട് സംഭവങ്ങളുടെയും ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കുട്ടികളെ രക്ഷപ്പെടുത്താൻ പ്രാദേശിക സംഘങ്ങളെയും പ്രത്യേക സ്ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് സ്കൂൾ വിദ്യാർഥികൾക്ക് നേരെയുള്ള അതിക്രമം അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ഈ ആക്രമണത്തിൽ സ്കൂളിന്റെ വൈസ് പ്രിൻസിപ്പൽ വെടിയേറ്റ് മരിക്കുകയുെ ചെയ്തു.
കടത്തികൊണ്ടുപോയ കുട്ടികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനായി സർക്കാരുമായും സുരക്ഷാ ഏജൻസികളുമായും ചേർന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. കുട്ടികളെ രക്ഷിക്കാൻ സ്ക്വാഡുകളെയും മറ്റ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.