സാൻ ഡിയാഗോ: അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഇസ്‌ലാമിക് സെന്ററിന് നേരെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പള്ളിയും ഇസ്‌ലാമിക് സ്കൂളും ഉൾപ്പെടുന്ന സമുച്ചയത്തിലാണ് അതിക്രമം നടന്നത്. വെടിവെപ്പിന് പിന്നാലെ അക്രമികളെന്ന് സംശയിക്കുന്ന രണ്ട് യുവാക്കളെയും സംഭവസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇവർ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ആക്രമണം നടന്ന സ്ഥലം കണക്കിലെടുത്ത് വിദ്വേഷ കുറ്റകൃത്യമെന്ന രീതിയിലാണ് കേസ് അന്വേഷിക്കുന്നതെന്ന് സാൻ ഡിയാഗോ പൊലീസ് ചീഫ് സ്കോട്ട് വാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 17ഉം 19ഉം വയസ്സുള്ള രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ ഒരാൾ ഇസ്‌ലാമിക് സെന്ററിലെ സെക്യൂരിറ്റി ഗാർഡാണ്. ഇദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയതെന്ന് പൊലീസ് ചീഫ് കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ട മൂന്ന് പേരും മുതിർന്നവരാണ്. അതേസമയം സ്കൂളിലുണ്ടായിരുന്ന കുട്ടികൾക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ആരാധനാലയങ്ങളെ ലക്ഷ്യം വെച്ചുള്ള ഇത്തരം അക്രമങ്ങൾ അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ഇസ്‌ലാമിക് സെന്ററിലെ ഇമാം താഹ ഹസ്സൻ പ്രതികരിച്ചു. സാൻ ഡിയാഗോയിൽ വിദ്വേഷത്തിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ മേയർ ടോഡ് ഗ്ലോറിയ, മുസ്ലിം സമൂഹത്തിന് എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്നും അറിയിച്ചു.
അതേസമയം യു.എസിൽ ഇസ്‌ലാമോഫോബിയയും വിദ്വേഷ പ്രചാരണങ്ങളും വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ ആക്രമണമെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം എന്നിവരുൾപ്പെടെ പ്രമുഖ നേതാക്കൾ അപലപിച്ചു. എഫ്.ബി.ഐ പ്രാദേശിക വിഭാഗവും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാൻ ഡിയാഗോയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ന്യൂയോർക്കിലെ പള്ളികൾക്കും ഇസ്‌ലാമിക സ്ഥാപനങ്ങൾക്കും സുരക്ഷ വർധിപ്പിച്ചതായി ന്യൂയോർക്ക് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.