പേഷാവർ: പോളിയോ പ്രതിരോധ കുത്തിവെപ്പ് സംഘത്തിന് നേരെയുണ്ടായ അജ്ഞാത ആക്രമണത്തിൽ രണ്ട് പൊലീസുകാരുൾപ്പെടെ മൂന്ന് പേർ മരിച്ചു. പാകിസ്താനിലെ ഗോത്ര ജില്ലയായ വടക്കൻ വസീറിസ്താനിലാണ് സംഭവം.
അഫ്ഗാൻ അതിർത്തിക്ക് സമീപമുള്ള ജില്ലയിൽ ഈ വർഷം ഒമ്പത് പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചിരുന്നതിനെ തുടർന്ന് വീടുതോറും പോളിയോ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിനിടെയാണ് തോക്കുധാരികൾ ആക്രമണം നടത്തിയത്. സംഘത്തിലെ ഒരു അംഗവും അകമ്പടി സേവിച്ച രണ്ട് പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
സംഭവത്തെ ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി മെഹമൂദ് ഖാൻ അപലപിക്കുകയും ആക്രമണത്തിന് പിന്നിലുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രവിശ്യയിൽ പോളിയോ പ്രതിരോധ കുത്തിവെപ്പ് സംഘത്തിന് നേരെ തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്നുണ്ട്. എന്നിരുന്നാലും പോളിയോ രോഗത്തെ പൂർണമായും തുടച്ചു നീക്കാൻ തന്നെയാണ് സർക്കാറിന്‍റെ തീരുമാനമെന്ന് വടക്കൻ വസീറിസ്താൻ ഡെപ്യൂട്ടി കമീഷണർ ഷാഹിദ് അലിഖാൻ പ്രസ്താവനയിൽ പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പാകിസ്താനും അഫ്ഗാനിസ്താനുമാണ് നിലവിലെ പോളിയോ ബാധിത രാജ്യങ്ങൾ. ഈ വർഷമാണ് പാകിസ്താൻ രാജ്യവ്യാപകമായി പോളിയോ പ്രതിരോധ കുത്തിവെപ്പുകൾ നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.