വ്യോമപാത അടച്ച് ഗൾഫ് രാജ്യങ്ങൾ; നിരവധി വിമാനങ്ങൾ റദ്ദാക്കി

കുവൈത്ത് സിറ്റി: ഇറാൻ ഖത്തറിലെ യു.എസ് വ്യോമതാവളം ആക്രമിച്ചതിന് പിന്നാലെ വ്യോമപാത അടച്ച് ഗൾഫ് രാജ്യങ്ങൾ. നിരവധി വിമാനങ്ങൾ റദ്ദാക്കി.

കേരളത്തിലേക്കുള്ള വിമാനങ്ങളും ഇവയിൽ ഉൾപ്പെടും. ഖത്തറിനു പിന്നാലെ യു.എ.ഇ, ബഹ്റൈൻ, കുവൈത്ത് രാജ്യങ്ങളും വ്യോമപാത താൽക്കാലികമായി അടച്ചു. രാജ്യത്തിന്റെ സുരക്ഷയും നിരവധി അയൽ രാജ്യങ്ങളിൽ വിമാനത്താവളങ്ങളും വ്യോമാതിർത്തിയും അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചതിനെയും തുടർന്നാണ് കുവൈത്തിന്‍റെ തീരുമാനം.

തിങ്കളാഴ്ച രാത്രി മുതൽ പ്രാബല്യത്തിൽ വന്ന ഉത്തരവ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. മേഖലയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഉയർന്ന തലത്തിലുള്ള സുരക്ഷയും ഭദ്രതയും നിലനിർത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. സംഭവവികാസങ്ങൾ തുടർച്ചയായി നിരീക്ഷിച്ചുവരുന്നതായും പ്രാദേശിക, അന്തർദേശീയ തലത്തിൽ ഏകോപനം നടക്കുന്നതായും സിവിൽ ഏവിയേഷൻ വ്യക്തമാക്കി.

എല്ലാ യാത്രക്കാരും വിമാനക്കമ്പനികളും ഔദ്യോഗിക അപ്‌ഡേറ്റുകൾ ശ്രദ്ധിക്കണമെന്നും അധികാരികളുമായി സഹകരിക്കണമെന്നും സിവിൽ ഏവിയേഷൻ അഭ്യർഥിച്ചു. പിന്നാലെ കുവൈത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ജസീറ എയർവേയ്സ്, കൊച്ചിയിലേക്ക് പുറപ്പെട്ട കുവൈത്ത് എയർവേയ്സ് വിമാനങ്ങൾ കുവൈത്തിൽ അടിയന്തരമായി തിരിച്ചിറക്കി. രാത്രി വൈകിയും യാത്രക്കാർ വിമാനത്തിൽ തുടരുകയാണ്. രാത്രി പുറപ്പെടേണ്ട ചില വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു.

യു.എ.ഇയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. ഫ്ലൈറ്റ് റഡാർ24 പുറത്തുവിട്ട ചിത്രങ്ങൾ അനുസരിച്ച് യു.എ.ഇ വ്യാമമേഖലയിലുടനീളം നിലവിൽ കുറഞ്ഞ വിമാനങ്ങൾ മാത്രമാണ് ദൃശ്യമാകുന്നതെന്ന് പ്രാദേശിക മാധ്യമമായ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യു.എ.ഇയിലെ പ്രമുഖ വിമാന സർവിസ് കമ്പനിയായ ഫ്ലൈദുബൈ പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം, മുംബൈയിൽ നിന്നും യു.എ.ഇയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതായി യാത്രക്കാർ പറയുന്നു. യു.എ.ഇ വ്യോമപാത ഉപയോഗിക്കരുതെന്ന് ദുബൈ അധികൃതരിൽ നിന്നും വിവരം ലഭിച്ചതിനെ തുടർന്നാണ് സർവിസ് റദ്ദാക്കിയതെന്ന് പൈലറ്റ് അറിയിച്ചതായും യാത്രക്കാർ പറയുന്നു.

സുരക്ഷ മുൻകരുതലിന്‍റെ ഭാഗമായി ബഹ്റൈന്‍റെ വ്യോമപാത താൽക്കാലികമായി അടച്ചതായി ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിലെ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അറിയിച്ചു. ബന്ധപ്പെട്ട അധികാരികൾ 24 മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ജനങ്ങൾ ഔദ്യോഗിക സുരക്ഷ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറി‍യിച്ചു.

Tags:    
News Summary - Gulf countries close airspace; many flights canceled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.