തമിഴ്പുലികളുമായുള്ള ആഭ്യന്തരയുദ്ധത്തിന് അറുതിവരുത്തിയത് ഗോടബയ രാജപക്സ

ചെന്നൈ: ശ്രീലങ്കയിൽ എൽ.ടി.ടി.ഇക്കെതിരായ മൂന്നു ദശാബ്ദകാലത്തെ ആഭ്യന്തരയുദ്ധത്തിന് അറുതിവരുത്തിയ നേതാവായിരുന്നു ഗോടബയ രാജപക്സ. തമിഴ്നാട്ടിലെ തമിഴ്സംഘടനകൾ ശ്രീലങ്കയിലെ വംശീയ യുദ്ധത്തിനുശേഷം രാജപക്സ കുടുംബത്തിനെതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്. രാജപക്സ കുടുംബത്തിൽപെട്ട ഭരണാധികാരിയുടെ ഇന്ത്യൻ സന്ദർശനവേളകളിൽ തമിഴ്നാട്ടിൽ ശക്തമായ പ്രതിഷേധം ഉയരുക പതിവാണ്. ശ്രീലങ്കയിലെ പുതിയ സംഭവ വികാസങ്ങളോടെ രാജപക്സ കുടുംബം അധികാരത്തിൽനിന്ന് പൂർണമാവും നിഷ്കാസിതമാവുമെന്നാണ് തമിഴ്നാട്ടിലെ തമിഴ്സംഘടനകൾ കണക്കുകൂട്ടുന്നത്.

പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തമിഴരുടെ വോട്ടുകൾ നേടിയല്ല താൻ അധികാരത്തിലേറുന്നതെന്നും സിംഹളരുടെ പിന്തുണയോടെയാണെന്നും ഗോടബയ പ്രസ്താവിച്ചിരുന്നു. എന്നാൽ മാസങ്ങൾക്കകം 73കാരനായ ഗോടബയ സിംഹളരാൽ തന്നെ അധികാരത്തിൽനിന്ന് തുരത്തിയോടിക്കപ്പെടുകയായിരുന്നു. 2005 മുതൽ 2014 വരെ ജ്യേഷ്ഠൻ മഹിന്ദ രാജപക്‌സ പ്രസിഡന്‍റായിരുന്ന കാലത്ത് ഗോടബയ പ്രതിരോധ സെക്രട്ടറിയായിരുന്നു. ഈ കാലയളവിലാണ് തമിഴ്പുലികൾക്കെതിരായ ആഭ്യന്തരയുദ്ധത്തിന് ഗോടബയ നേതൃത്വം നൽകിയത്. ഭൂരിപക്ഷ സിംഹള ബുദ്ധമത വിഭാഗക്കാർ ഗോടബയയെ 'യുദ്ധനായകനായി വാഴ്ത്തി. അതേസമയം ഗോടബയയെ യുദ്ധകുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന് ശ്രീലങ്കൻ തമിഴ് വംശ സംഘടനകളും വിവിധ മനുഷ്യാവകാശ സംഘടനകളും ആവശ്യമുന്നയിച്ചു. 2012ലും 2013ലും പ്രതിരോധ സെക്രട്ടറി എന്ന നിലയിൽ ഗോടബയ രാജപക്‌സ ഇന്ത്യ സന്ദർശിച്ചിരുന്നു.ഇരട്ട പൗരത്വമുള്ളതിനാൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് പറഞ്ഞ് വിവിധ രാഷ്ട്രീയകക്ഷികൾ രംഗത്തെത്തിയിരുന്നു. യു.എസ് പൗരത്വം ഉപേക്ഷിച്ചതായി ഗോടബയ അവകാശപ്പെട്ട സാഹചര്യത്തിൽ സുപ്രീംകോടതി അദ്ദേഹത്തിന്‍റെ പൗരത്വത്തെ ചോദ്യം ചെയ്ത ഹരജി തള്ളുകയും മുഴുവൻ ആരോപണങ്ങളിൽ നിന്നും മുക്തനാക്കുകയും ചെയ്തു.

1949 ജൂൺ 20ന് മാത്തറ ജില്ലയിലെ പാലടുവയിൽ ജനിച്ച ഗോടബയ രാജപക്‌സ കുടുംബത്തിലെ ഒമ്പത് സഹോദരങ്ങളിൽ അഞ്ചാമനാണ്. കൊളംബോയിലെ ആനന്ദ കോളജിൽ പ്രാഥമിക വിദ്യാഭ്യാസവും സെക്കൻഡറി വിദ്യാഭ്യാസവും നേടിയ ഗോടബയ 1971ൽ അദ്ദേഹം സിലോൺ ആർമിയിൽ കാഡറ്റ് ഓഫിസറായി ചേർന്നു. 1991ൽ സർ ജോൺ കൊട്ടേലവാല ഡിഫൻസ് അക്കാദമിയുടെ ഡെപ്യൂട്ടി കമാൻഡന്‍റായി നിയമിതനായി.

1998ൽ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം ലോസ് ആഞ്ജലസിലെ ലയോള ലോ സ്കൂളിൽ ഐ.ടി പ്രഫഷനലായി ജോലി ചെയ്തു. 2005ൽ അദ്ദേഹം തന്‍റെ സഹോദരൻ മഹിന്ദയുടെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തെ സഹായിക്കാൻ ലങ്കയിലേക്ക് മടങ്ങി. ഗോടബയ രാജപക്‌സക്ക് ഭാര്യയും ഒരു മകനുമുണ്ട്. 

 ലങ്ക പ്രതിസന്ധി: നാൾവഴികൾ

2022 മാർച്ച് 31: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാറിനെതിരായ പ്രതിഷേധം കനക്കുന്നു. പ്രതിഷേധക്കാർ പ്രസിഡന്റ് ഗോടബയ രാജപക്സയുടെ വസതി വളയുന്നു

• ഏപ്രിൽ 01: പ്രസിഡന്റ് രാജപക്സ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിഷേധം അടിച്ചമർത്താനും അറസ്റ്റ് ചെയ്യാനും സുരക്ഷ സൈന്യത്തിന് അധികാരം നൽകി.

• ഏപ്രിൽ 02: രാജ്യത്താകമാനം 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. എല്ലായിടത്തും സൈന്യത്തെ വിന്യസിച്ചു

• ഏപ്രിൽ 03: പ്രധാനമന്ത്രി മഹിന്ദ രാജപക്സ മന്ത്രിസഭയിലെ എല്ലാവരും രാജിവെച്ചു.

• ഏപ്രിൽ 05: പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായതോടെ അധികാരം പങ്കുവെക്കാൻ തയാറാണെന്ന് പ്രസിഡന്റ്. എന്നാൽ, നിർദേശം പ്രതിപക്ഷം തളളി. അടിയന്തരാവസ്ഥ പിൻവലിച്ചു.

• ഏപ്രിൽ 09: ഗോടബയയുടെ രാജി ആവശ്യപ്പെട്ട് വൻ പ്രതിഷേധം

• ഏപ്രിൽ 18: പുതിയ മന്ത്രിസഭയെ പ്രഖ്യാപിച്ച് ഗോടബയ

• ഏപ്രിൽ 19: പ്രതിഷേധം അടിച്ചമർത്താനുള്ള ശ്രമത്തിനിടെ ആദ്യ മരണം

• ഏപ്രിൽ 28: പ്രതിഷേധക്കാർ പ്രഖ്യാപിച്ച പൊതുപണിമുടക്കിൽ രാജ്യം നിശ്ചലം.

• മേയ് 06: രാജ്യത്ത് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്

• മേയ് 09: പ്രതിഷേധം അടിച്ചമർത്താൻ സർക്കാർ ശ്രമം. നിരവധി പേർ കൊല്ലപ്പെട്ടു. പ്രക്ഷോഭകർ വസതിയിലേക്ക് ഇരച്ചുകയറാൻ ശ്രമിക്കുന്നതിനിടെ പ്രധാനമന്ത്രി മഹീന്ദ രാജപക്സ വസതി വിട്ടു. പിന്നാലെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു.

• മേയ് 12: മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ പുതിയ പ്രധാനമന്ത്രിയായി പ്രസിഡന്റ് ഗോടബയ രാജപക്സ നിയോഗിച്ചു.

• ജൂലൈ 09: പ്രസിഡന്റ് ഗോടബയ രാജപക്സയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭകർ വസതിയിലേക്ക് ഇരച്ചുകയറി. ഗോടബയ വസതി വിട്ടു.

വിക്രമസിംഗെ പ്രധാനമന്ത്രി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചു.

Tags:    
News Summary - Gotabaya Rajapaksa ended the civil war with the Tamil Ezham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.