കുവൈത്ത് സിറ്റി: ഗസ്സയിലേക്കുള്ള യാത്രക്കിടെ ഇസ്രായേൽ പിടിച്ചെടുത്ത ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല കപ്പലിലെ മൂന്നാമത്തെ കുവൈത്ത് പൗരൻ ഖാലിദ് അൽ അബ്ദുൽ ജാദറും മോചിതനായി.
ഇദ്ദേഹം ജോർഡനിൽ എത്തിയതായും നേരത്തെ മോചിപ്പിക്കപ്പെട്ട മറ്റ് രണ്ട് കുവൈത്ത് പൗരന്മാർക്കൊപ്പം ഉടൻ കുവൈത്തിലേക്ക് തിരിക്കുമെന്നും വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്‍യ അറിയിച്ചു. ആവശ്യമായ ലോജിസ്റ്റിക്കൽ ക്രമീകരണങ്ങൾ പൂർത്തിയാക്കിയ ശേഷം മൂന്ന് പൗരന്മാരെയും തിരികെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ വിദേശകാര്യ മന്ത്രാലയം നടത്തിവരുന്നതായും മന്ത്രി പറഞ്ഞു.
തടങ്കലിലാക്കിയ നിമിഷം മുതൽ ഇവരുടെ സുരക്ഷയിലും മോചനത്തിലും ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും വ്യക്തമാക്കി. മൂന്നു പേരുടെയും മോചനത്തിനും തുടർനടപടികൾക്കും സഹായിച്ച ബഹ്‌റൈൻ, ജോർഡൻ, തുർക്കിയ രാജ്യങ്ങളെ അബ്ദുല്ല അൽ യഹ്‍യ ആത്മാർത്ഥമായ നന്ദി അറിയിച്ചു. കുവൈത്ത് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മാതൃരാജ്യത്തേക്ക് മടങ്ങുന്നതിനും ഈ രാജ്യങ്ങളിലെ അധികാരികൾ കാണിച്ച മികച്ച സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു.
കുവൈത്ത് ആക്ടിവിസ്റ്റുകളായ അബ്ദുല്ല അൽ മുതാവ, ഡോ. മുഹമ്മദ് ജമാൽ, ഖാലിദ് അൽ അബ്ദുൽ ജാദർ എന്നിവരെയാണ് ഇസ്രായേൽ കസ്റ്റഡിയിലെടുത്തിരുന്നത്. ഇതിൽ രണ്ടുപേരെ ശനിയാഴ്ച മോചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.