മുഹമ്മദ് ബാഗർ ഗാലിബാഫ്

‘ഞങ്ങളുടെ നീക്കങ്ങൾ അമേരിക്കയെ അമ്പരപ്പിക്കും’; ഏത് സാഹചര്യവും നേരിടാൻ ഇറാൻ സജ്ജമെന്ന് ഗാലിബാഫ്

തെഹ്‌റാൻ: അമേരിക്കയുമായുള്ള ആണവ ചർച്ചകൾ പ്രതിസന്ധിയിലായിരിക്കെ, വാഷിങ്ടണിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ഇറാന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന 14 ഇന നിർദേശങ്ങൾ അംഗീകരിക്കുന്നതിൽ കാലതാമസം വരുത്തുന്നത് അമേരിക്കൻ നികുതിദായകർക്ക് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് മുന്നറിയിപ്പ് നൽകി. ഏതെങ്കിലും തരത്തിലുള്ള സൈനിക പ്രകോപനത്തിന് യു.എസ് മുതിർന്നാൽ തിരിച്ചടി നൽകാൻ തങ്ങൾ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചൊവ്വാഴ്ച രാവിലെയാണ് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് സോഷ്യൽ മീഡിയയിലൂടെ അമേരിക്കക്കെതിരെ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ആണവ ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഈ പ്രതികരണം.

"ഏതൊരു ആക്രമണത്തിനും തക്കതായ മറുപടി നൽകാൻ ഞങ്ങളുടെ സായുധ സേന സജ്ജമാണ്. തെറ്റായ തന്ത്രങ്ങളും തീരുമാനങ്ങളും എപ്പോഴും തെറ്റായ ഫലങ്ങളിലേക്കേ നയിക്കൂ എന്ന് ലോകത്തിന് ഇപ്പോൾ ബോധ്യപ്പെട്ടിട്ടുണ്ട്" ഗാലിബാഫ് കുറിച്ചു. ഞങ്ങൾ എല്ലാ സാധ്യതകൾക്കും തയാറെടുത്തിരിക്കുകയാണ്. ഞങ്ങളുടെ നീക്കങ്ങൾ അമേരിക്കയെ അമ്പരപ്പിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന 14ഇന നിർദേശങ്ങൾ അംഗീകരിക്കുകയല്ലാതെ അമേരിക്കക്ക് മുന്നിൽ മറ്റ് പോംവഴികളില്ല. പുതിയ ആണവ കരാറിൽ ഇറാൻ മുന്നോട്ടുവെച്ച ഉപാധികളാണിവ. യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം ഉറപ്പാക്കുക, ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യുക എന്നിവയാണ് ഇതിലെ പ്രധാന ആവശ്യങ്ങൾ. എന്നാൽ അമേരിക്ക ഇതുവരെ ഈ നിർദ്ദേശങ്ങൾ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.

ചർച്ചകൾ നീട്ടിക്കൊണ്ടുപോകുന്നത് അമേരിക്കൻ നികുതിദായകർക്ക് വലിയ ചിലവുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുൻ സൈനിക കമാൻഡർ കൂടിയായ ഗാലിബാഫിന്റെ വാക്കുകൾ ഇറാൻ ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കുന്നതാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.

ഇറാന്റെ ആണവ പദ്ധതികളെ സംബന്ധിച്ച നയതന്ത്ര ചർച്ചകൾ മാസങ്ങളായി സ്തംഭനാവസ്ഥയിലാണ്. യു.എസ് മുൻകൈ എടുത്ത് കരാർ വ്യവസ്ഥകൾ അംഗീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഇറാന്റെ പക്ഷം. യുഎസ്-ഇറാൻ ബന്ധം കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഗാലിബാഫിന്റെ പ്രസ്താവന മധ്യേഷ്യയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Tags:    
News Summary - Ghalibaf Says 'Iran Prepared For All Options' Against US Aggression

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.