റിയാദ്: ഗസ്സ വിഷയത്തിൽ ജി.സി.സി രാജ്യങ്ങളുടെ യോഗം വെള്ളിയാഴ്ച സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നടക്കും. ഇത്തവണ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരം ജോർഡൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും യോഗത്തിൽ പങ്കെടുക്കും. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളാണ് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗങ്ങൾ.
മാർച്ചിൽ നടക്കാനിരിക്കുന്ന അറബ് ഉച്ചകോടിയിൽ അവതരിപ്പിക്കാനുള്ള പ്രധാന അജണ്ടകളായിരിക്കും ജി.സി.സി യോഗത്തിന്റെ മുഖ്യ ചർച്ച. ഫലസ്തീൻ പുനർനിർമാണത്തിന് ഈജിപ്ത് തയാറാക്കിയ ബദൽ പദ്ധതി ജി.സി.സി യോഗം ചർച്ച ചെയ്യുമെന്നാണ് വിവരം.
ഫലസ്തീനികളെ ഗസ്സയിലെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി അന്താരാഷ്ട്ര നിർമാണ കമ്പനികളുടെ സഹായത്തോടെ പുനർനിർമിക്കാനാണ് ഈജിപ്ത് പദ്ധതി തയാറാക്കിയത്. ഫലസ്തീനികളെ വിവിധ രാജ്യങ്ങളിലേക്ക് മാറ്റി ഗസ്സ ഏറ്റെടുക്കുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജി.സി.സി യോഗം ചേരുന്നത്.
ട്രംപിന്റെ പദ്ധതിയെ സ്വാഗതംചെയ്ത ഇസ്രായേൽ, ഫലസ്തീനികളെ ഒഴിപ്പിക്കാനുള്ള നീക്കങ്ങളും തുടങ്ങിയിരുന്നു. എന്നാൽ, ട്രംപിന്റെ പ്രഖ്യാപനം അറബ്, യൂറോപ്യൻ രാജ്യങ്ങൾ തള്ളുകയാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.