യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് റഫ അതിർത്തിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു

ഗസ്സ, നിങ്ങൾ ഒറ്റക്കല്ല; ലോകം രോഷത്തിലാണെന്ന് അന്‍റോണിയോ ഗുട്ടെറസ്

റഫ: ഫലസ്തീനികളുടെ ദുരിതവും അത് ലഘൂകരിക്കാനുള്ള തടസ്സങ്ങളും ലോകശ്രദ്ധയിൽ കൊണ്ടുവരാനാണ് താൻ റഫ അതിർത്തിയിലെത്തിയതെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഈജിപ്തിൽ ഗസ്സയോട് ചേർന്ന് റഫയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ന് രാവിലെ അൽ അർശിലെ ജനറൽ ആശുപത്രിയിൽ പരിക്കേറ്റ ഫലസ്തീനികളെ ഞാൻ കണ്ടുമുട്ടി. ഗസ്സയിലെ കുട്ടികളും സ്ത്രീകളും പുരുഷന്മാരും പേടിസ്വപ്നത്തിൽ കുടുങ്ങിക്കിടക്കുന്നു. റമദാൻ അനുകമ്പ, സമൂഹം, സമാധാനം തുടങ്ങിയ മൂല്യങ്ങൾ പ്രചരിപ്പിക്കാനുള്ള സമയമാണിത്. മാസങ്ങൾ നീണ്ട കഷ്ടപ്പാടുകൾക്കുശേഷവും ഫലസ്തീനികൾക്ക് മേൽ ഇസ്രായേലിന്റെ ബോംബുകൾ വീഴുന്നു.

മാനുഷിക സഹായം എത്തിക്കുന്നതിന് തടസ്സം നേരിടുന്നു. ഗസ്സയിലെ നിരവധി ആളുകൾക്ക് ഇഫ്താർ കഴിക്കാൻ കഴിയുന്നില്ല എന്നറിയുന്നതിൽ വിഷമമുണ്ട്. ഈ അതിർത്തിയിൽ ഹൃദയശൂന്യത നാം കാണുന്നു. ഗേറ്റിന്റെ ഒരുവശത്ത് ദുരിതാശ്വാസ ട്രക്കുകളുടെ നീണ്ടനിര. മറുവശത്ത് പട്ടിണിയുടെ നീണ്ട നിഴൽ. ഇതിനെ ദുരന്തം എന്നൊന്നും വിശേഷിപ്പിച്ചാൽ മതിയാവില്ല.

ഇനിയുള്ള ഏതൊരു ആക്രമണവും എല്ലാം കൂടുതൽ വഷളാക്കും. ഞാൻ വീണ്ടും പറയുന്നു. ഗസ്സയിലുടനീളം അനിയന്ത്രിതമായി മാനുഷിക സഹായം എത്തിക്കാൻ ഇസ്രായേൽ പ്രതിബദ്ധത കാണിക്കേണ്ട സമയമാണിത്. യു.എൻ ഏജൻസിയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനത്തെ പിന്തുണക്കണമെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു.

ഗസ്സയിലെ ഫലസ്തീനികൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു: നിങ്ങൾ ഒറ്റക്കല്ല. ലോകമെമ്പാടുമുള്ള ആളുകൾ ഈ ഭീകരതയിൽ രോഷാകുലരാണ്. ലോകത്തിലെ ബഹുഭൂരിപക്ഷം മനുഷ്യരുടെയും ശബ്ദമാണ് ഞാൻ വഹിക്കുന്നത്. നിങ്ങളെ ഉപേക്ഷിക്കില്ല.മനുഷ്യത്വം നിലനിൽക്കാൻ നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യും.’’ -ഗുട്ടെറസ് പറഞ്ഞു.

Tags:    
News Summary - Gazza, you are not alone; Antonio Guterres says the world is angry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.