ഗസ്സ: മരുന്നില്ല, ഭക്ഷണമില്ല, വെള്ളമില്ല; മരണത്തിന്റെ മണം മാത്രം

ഗസ്സ സിറ്റി: മരുന്നില്ലാതെയും ചികിത്സിക്കാൻ ആരോഗ്യപ്രവർത്തകരില്ലാതെയും ഗസ്സയിലെ ആശുപത്രികളിൽനിന്ന് വിലാപമുയരുമ്പോൾ, ബോംബ് വർഷിക്കുന്ന തെരുവുകളിൽ ഒരു കഷ്ണം റൊട്ടിക്കായി ഫലസ്തീനികൾ കാത്തിരിക്കുന്നു. ഖാൻ യൂനുസിലെ നാസർ ആശുപത്രിയിലേക്ക് ആംബലൻസുകളുടെ പ്രവാഹമാണെന്നും ഇതിലേറെയും കുട്ടികളാണെന്നും അൽജസീറ ടി.വി റിപ്പോർട്ട് ചെയ്തു.

പരിക്കേറ്റവരുടെ എണ്ണം കൈകാര്യം ചെയ്യാൻ കഴിയാവുന്നതിലും അധികമായതിനാൽ രക്ഷപ്പെടാൻ സാധ്യത ഉള്ളവർക്കു മാത്രമായി ചികിത്സ പരിമിതപ്പെടുത്തേണ്ട സങ്കടകരമായ അവസ്ഥയാണ് ആശുപത്രിക്കുള്ളിലെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. അതേസമയം ആശുപത്രിക്ക് പുറത്ത് മറ്റൊരു കാഴ്ചയാണ്. വടക്കൻ മേഖലയിൽനിന്ന് പലായനം ചെയ്ത് എത്തിയ അനേകം കുടുംബങ്ങളെക്കൊണ്ട് ആശുപത്രി വളപ്പ് നിറഞ്ഞിരിക്കുകയാണ്. എവിടെയാണോ ഒരടി സ്ഥലം ലഭിക്കുന്നത്, അവിടെ ഇരിക്കുകയാണവർ -അധികൃതർ പറഞ്ഞു.

‘‘മാനുഷിക സഹായ വിതരണ വഴികൾ ഇല്ലാതായതോടെ അടിയന്തര, ട്രോമ, സർജിക്കൽ ഉപകരണങ്ങളുടെ വിതരണം മുടങ്ങുകയാണ്. രക്തത്തിനും ദൗർലഭ്യമാണ്. മരുന്നുകളും കുറഞ്ഞു. നിരവധി പേർ കൊല്ലപ്പെട്ടതിനാൽ ആരോഗ്യപ്രവർത്തകർക്കും ക്ഷാമമുണ്ട്. ബാക്കിയുള്ളവരാകട്ടെ, അസാധാരണമാംവിധം വർധിച്ച പരിക്കേറ്റവരെ പരിചരിച്ച് തളർന്നിരിക്കുന്നു. 16 ആശുപത്രികൾ, 24 ആരോഗ്യകേന്ദ്രങ്ങൾ എന്നിവ ഇസ്രായേൽ ബോംബിങ്ങിൽ തകർന്നുകഴിഞ്ഞു.

അതേസമയം, ഉപരോധം കാരണം സഹായവിതരണം നിലച്ച ഗസ്സയിൽ ഭക്ഷ്യക്ഷാമം അതിരൂക്ഷമായി. ഖാൻ യൂനുസിൽ തിങ്കളാഴ്ച രാവിലെ തുറന്ന ഒരു ബേക്കറിക്ക് മുന്നിലാണ് വൻ തിരക്ക് അനുഭവപ്പെട്ടത്. ദക്ഷിണ മേഖലയിൽനിന്ന് കുറച്ച് ഗോതമ്പ് മാവ് വന്നപ്പോഴാണ് ഈ ബേക്കറിക്ക് റൊട്ടിയുണ്ടാക്കാൻ കഴിഞ്ഞത്. നൂറുകണക്കിന് പേരാണ് കാത്തിരിക്കുന്നതെന്നും എല്ലാവർക്കും കിട്ടില്ലെന്ന് ഉറപ്പാണെന്നും വരിനിൽക്കുന്ന ഒരാൾ പറഞ്ഞു. ഒരാൾക്ക് അഞ്ചു കഷ്ണം എന്ന നിലയിലാണ് വിതരണമെന്നും ഇയാൾ പറഞ്ഞു.

ഗസ്സ വലിയ ദുരന്തത്തിന്റെ വക്കിൽ -ഗുട്ടെറസ്

ന്യൂയോർക്: ഗസ്സ വലിയ ദുരന്തത്തിന്റെ വക്കിലാണെന്ന് യു.എൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്. ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിനോടും മാനുഷിക സഹായം എത്തിക്കാൻ അവസരമൊരുക്കണമെന്ന് ഇസ്രായേലിനോടും അദ്ദേഹം അഭ്യർഥിച്ചു. ഈജിപ്ത്, ജോർഡൻ, വെസ്റ്റ് ബാങ്ക്, ഇസ്രായേൽ എന്നിവിടങ്ങളിൽ യു.എൻ ഭക്ഷണവും വെള്ളവും ഇന്ധനവും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും ശേഖരിച്ചിട്ടുണ്ട്. സുരക്ഷിത അന്തരീക്ഷം ഒരുക്കുകയാണെങ്കിൽ മണിക്കൂറുകൾക്കകം ഇവ ഗസ്സയിൽ എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Gazza: No medicine, no food, no water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.