ഗസ്സയിൽ മരണസംഖ്യ 69,000 കടന്നു, 15 ഫലസ്തീനികളുടെ മൃതദേഹങ്ങൾ വിട്ടുനൽകി; നെതന്യാഹു അടക്കം 37 പേർക്ക് തുർക്കിയയുടെ അറസ്റ്റ് വാറന്‍റ്

ജറൂസലം: ഗസ്സ വെടിനിർത്തൽ കരാറി​ന്‍റെ ഭാഗമായി 15 ഫലസ്തീനികളുടെ മൃതദേഹങ്ങൾ കൂടി ഇസ്രായേൽ വിട്ടുകൊടുത്തു. ഖാൻ യൂനിസിലെ നാസർ ആശുപത്രിയിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ലിയോർ റുഡേഫി​ന്‍റെ മൃതദേഹമാണ് ഇതെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവി​െന്റ ഓഫിസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ഒരു ഇസ്രായേൽ ബന്ദിയുടെ മൃതദേഹം ഹമാസ് വിട്ടുനൽകിയിരുന്നു.

ഒക്ടോബർ 10ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഹമാസ് 23 ഇസ്രായേൽ ബന്ദികളുടെ മൃതദേഹങ്ങളാണ് വിട്ടുനൽകിയത്. ഇനി അഞ്ച് ബന്ദികളുടെ മൃതദേഹങ്ങൾ ലഭിക്കാനുണ്ട്. ഇസ്രായേൽ ഇതുവരെ 300 ഫലസ്തീനികളുടെ മൃതദേഹങ്ങൾ കൈമാറി.

അതേസമയം, ഗസ്സയിൽ രണ്ടുവർഷം മുമ്പ് ഇസ്രായേൽ ആരംഭിച്ച ആക്രമണത്തിൽ 69,169 പേർ കൊല്ലപ്പെട്ടതായി ഗസ്സ ആ​രോഗ്യ മന്ത്രാലയം അറിയിച്ചു. 170,685 പേർക്ക് പരിക്കേറ്റു. ഒക്ടോബർ 10ന് വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾക്കടിയിൽനിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തുവരുകയാണ്. ഇതാണ് മരണസംഖ്യ ഉയരാൻ കാരണം. തിരിച്ചറിയാത്ത മൃതദേഹങ്ങൾ തിരിച്ചറിയുന്നതും മരണസംഖ്യ ഉയരാൻ കാരണമാകുന്നുണ്ട്.

അതിനിടെ, ഗസ്സയിൽ ഇസ്രായേൽ വലിയ തോതിൽ യുദ്ധകുറ്റകൃത്യങ്ങളും വംശഹത്യയും നടത്തിയതായി തുർക്കിയ വ്യക്തമാക്കി. വംശഹത്യയുടെ പേരിൽ തങ്ങൾ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും രണ്ടു മന്ത്രിമാർക്കും മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്കുമെതിരെ അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് തുർക്കിയ വ്യക്തമാക്കി.

37 പേർക്കാണ് വാറന്റ്. ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കട്സ്, ദേശീയ സുരക്ഷ മന്ത്രി ഇതാമർ ബെൻ ഗവീർ, സൈന്യത്തിന്റെ ചീഫ് ലഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ തുടങ്ങിയവർ പട്ടികയിൽ ഉൾപ്പെടുന്നതായി ഇസ്തംബൂൾ പ്രോസിക്യൂട്ടറുടെ ഓഫിസ് അറിയിച്ചു. 2023 ഒക്ടോബർ 17ന് അൽ അഹ്‍ലി ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ നടത്തിയ ആക്രമണത്തിൽ 500 പേർ കൊല്ലപ്പെട്ടതും മറ്റും ഇതിൽ എടുത്തുപറഞ്ഞിട്ടുണ്ട്.

തുർക്കിയയുടെ നടപടി ഇസ്രായേൽ പരിഹാസത്തോടെ തള്ളി. ഇത് ഏകാധിപതിയായ പ്രസിഡന്റ് ഉർദുഗാന്റെ പബ്ലിക് റിലേഷൻസ് അഭ്യാസമാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സാർ പറഞ്ഞു. എന്നാൽ, ഹമാസ് തീരുമാന​ത്തെ സ്വാഗതം ചെയ്തു. തുർക്കിയ ജനതയുടെയും നേതൃത്വത്തിന്റെയും സത്യസന്ധമായ നിലപാടാണ് ഇതിൽ നിഴലിക്കുന്നതെന്ന് അവർ വ്യക്തമാക്കി.

Tags:    
News Summary - Gaza death toll passes 69,000, bodies of 15 Palestinians released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.