ഗസ്സ സിറ്റി: ബോംബാക്രമണം തുടരുന്നതിനിടെ ഗസ്സയിൽ നിന്ന് ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് ഫലസ്തീനികൾക്ക് ഇസ്രായേൽ സൈന്യത്തിന്റെ ഭീഷണി. മൊബൈൽ ഫോൺ വഴിയാണ് ഭീഷണി ലഭിച്ചത്. വീടൊഴിയണമെന്നാവശ്യപ്പെട്ട് അൽജസീറ മാധ്യമപ്രവർത്തകക്കും കുടുംബത്തിനും ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്.
സ്വകാര്യ ഫോൺനമ്പറിൽ നിന്നാണ് സന്ദേശം ലഭിച്ചത്. ''ഇത് ഇസ്രായേൽ സൈന്യമാണ്. തെക്കൻ ഗസ്സയിൽ നിന്ന് എത്രയും വേഗം ഒഴിയണം. ഇവിടെ നിൽക്കാനാണ് തീരുമാനമെങ്കിൽ വലിയ വിപത്തായിരിക്കും കാത്തിരിക്കുന്നത്.''-എന്നാണ് സന്ദേശം.
ഇസ്രായേലിന്റെ ബുൾഡോസറുകളും ടാങ്കുകളും ഗസ്സയിലെ ഉൾപ്രദേശങ്ങളിലേക്ക് നീങ്ങിയതായി ഹമാസ് സ്ഥിരീകരിച്ചു. ഇവിടങ്ങളിൽ കനത്ത ആക്രമണമാണ് നടക്കുന്നത്. ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഗസ്സയിലെ അൽ ഖുദ്സ് ആശുപത്രിയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ കടുത്ത ആക്രമണം തുടരുകയാണ്. ഇവിടെ 119 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച ഗസ്സയിലേക്ക് സഹായങ്ങളുമായി 33 ട്രക്കുകൾ എത്തിയതായി യു.എൻ അറിയിച്ചിരുന്നു. ഇതോടെ ഗസ്സയിലേക്ക് സഹായവുമായി എത്തുന്ന ട്രക്കുകളുടെ എണ്ണം 117 ആയി. 2019 മുതൽ ലോകത്ത് വിവിധ സംഘർഷങ്ങളിൽ കൊല്ലപ്പെടുന്ന കുട്ടികളുടെ ഇരട്ടിയാണ് ഗസ്സയിൽ ഒക്ടോബർ ഏഴിന് തുടങ്ങിയ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണമെന്ന് സേവ് ദ ചിൽഡ്രൻ എന്ന സംഘടന അറിയിച്ചു. ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ട 8306 പേരാണ്. ഹമാസിന്റെ ആക്രമണത്തിൽ 1400 ഇസ്രായേൽ പൗരൻമാരും കൊല്ലപ്പെട്ടു.
അതിനിടെ, ഹമാസിന് സാമ്പത്തിക സഹായം നൽകുന്നുവെന്നാരോപിച്ച് ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോത്രിച്ച് ഫലസ്തീൻ അതോറിറ്റിയുടെ ഫണ്ട് മരവിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.