ഒട്ടാവ: ഇസ്രായേൽ-ഇറാൻ സംഘർഷം, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാര യുദ്ധം എന്നിവയുടെ പശ്ചാത്തലത്തിൽ ലോകത്തെ വൻ ശക്തി രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടിക്ക് കാനഡയിൽ തുടക്കം. അപ്രതീക്ഷിതമായി ഇസ്രായേൽ ഇറാനെതിരെ നടത്തിയ ആക്രമണവും ഇറാന്റെ തിരിച്ചടിയുമാണ് ഉച്ചകോടിക്ക് മുന്നിലുള്ള ഏറ്റവും പുതിയ ആഗോള വിഷയം.
ഉച്ചകോടിയുടെ അവസാനം പുറപ്പെടുവിക്കുന്ന പതിവ് സംയുക്ത പ്രസ്താവന ഇത്തവണ വേണ്ടെന്നാണ് കാനഡയുടെ തീരുമാനം. ഉച്ചകോടിയുടെ ശ്രദ്ധാകേന്ദ്രം ട്രംപ് തന്നെയായിരിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. തീരുവയിൽനിന്ന് ഇളവ് നേടാനുള്ള ശ്രമത്തിൽ ട്രംപുമായി കൂടിക്കാഴ്ച നടത്താനുള്ള ഒരുക്കത്തിലാണ് മറ്റ് നേതാക്കൾ. കാനഡയെ അമേരിക്കയുടെ 51ാമത് സംസ്ഥാനമാക്കണമെന്നും ഗ്രീൻലാൻഡ് ഏറ്റെടുക്കണമെന്നുമുള്ള ട്രംപിന്റെ നിർദേശങ്ങളും ഉച്ചകോടിയിൽ നിഴലിക്കും.
കാനഡയിലെ ആൽബെർട്ടയിലുള്ള കനാനസ്കിസാണ് ഇത്തവണത്തെ ജി7 ഉച്ചകോടിക്ക് വേദിയാകുന്നത്. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു.കെ, അമേരിക്ക എന്നിവയാണ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾ. ഇതിന് പുറമേ, ഇന്ത്യ, യുക്രെയ്ൻ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, ആസ്ട്രേലിയ, മെക്സികോ, യു.എ.ഇ എന്നീ രാജ്യങ്ങളെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡയിലേക്ക് തിരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.