പാരീസ്: ചരിത്രത്തിലാദ്യമായി ഫ്രാൻസിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. 104,611 പേർക്കാണ് ഫ്രാൻസിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് ഫ്രാൻസിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം റെക്കോർഡിലെത്തുന്നത്. കോവിഡ് നിയന്ത്രണങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ തിങ്കളാഴ്ച ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവൽ മാക്രോണിന്‍റെ അധ്യക്ഷതയിൽ യോഗം ചേരാനിരിക്കെയാണ് ഫ്രാൻസിൽ കോവിഡ് രോഗികളുടെ എണ്ണം റെക്കോർഡിലെത്തുന്നത്. പുതുതായി ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളാവും യോഗത്തിൽ ചർച്ചയാവുക.
ഒമിക്രോൺ വകഭേദമാണ് രോഗികളുടെ എണ്ണം ഇത്രയും ഉയരുന്നതിലേക്ക് നയിച്ചതെന്ന് ഫ്രാൻസ് പറഞ്ഞു. രണ്ട് ഡോസ് വാക്സിനെടുത്ത് മൂന്ന് മാസം പൂർത്തിയായവർക്ക് ബൂസ്റ്റർ ഡോസ് നൽകുമെന്നും അധികൃതർ അറിയിച്ചു. വാക്സിൻ സ്വീകരിച്ചവർക്ക് പ്രത്യേക പാസ് അനുവദിക്കും. ഇതുള്ളവർക്ക് മാത്രമാണ് കഫേകളിലും റസ്റ്റോറന്റുകളിലും മറ്റ് പൊതു ഇടങ്ങളിലും പ്രവേശനമുണ്ടാവുക. ഫ്രാൻസിലെ പല മേഖലകളും അധിക നിയന്ത്രണങ്ങളും കോവിഡുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, യുറോപ്പിലെ മറ്റ് രാജ്യങ്ങളിലും കോവിഡ് വീണ്ടും ആശങ്ക വിതക്കുകയാണ്. ഇറ്റലിയിൽ 54,762 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 144 മരണവും കോവിഡ് മൂലം ഇറ്റലിയിലുണ്ടായി. പോർച്ചുഗല്ലിൽ പതിനായിരത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഭൂരിപക്ഷം പേർക്കും ഒമിക്രോണാണ് സ്ഥിരീകരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ 5700 വിമാനങ്ങളാണ് കഴിഞ്ഞ ദിവസം മാത്രം യുറോപ്പിലാകമാനം റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.