പരിസ്: ഇന്ത്യയിലേക്ക് ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാമതാണ് ഫ്രാൻസ്. എന്നാലിപ്പോൾ ഇന്ത്യയുടെ അത്യാധുനിക റോക്കറ്റ് ലോഞ്ചർ സംവിധാനമായ ‘പിനാക’ ഫ്രാൻസ് വാങ്ങാനൊരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കരാർ യാഥാർഥ്യമായാൽ ഇന്ത്യയിൽനിന്ന് ഫ്രാൻസ് ആയുധം വാങ്ങുന്ന ആദ്യ സംഭവമാകുമിത്. അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റേയിട്ടേഴ്സാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
റിഫൻസ് റിസേർച് ആൻഡ് ഡെവലപ്മെന്‍റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) വികസിപ്പിച്ച പിനാക റോക്കറ്റ് സിസ്റ്റത്തെക്കുറിച്ച് കൂടുതലറിയാൻ ഏതാനും മാസങ്ങൾക്കു മുമ്പ് ഫ്രഞ്ച് പ്രതിനിധിസംഘം ഇന്ത്യയിൽ എത്തിയിരുന്നു. പിനാക്കയുടെ പ്രവർത്തനം തൃപ്തികരമാണെന്ന പ്രതിനിധി സംഘത്തിന്‍റെ റിപ്പോർട്ടിനു പിന്നാലെ റോക്കറ്റ് ലോഞ്ചർ വാങ്ങാൻ ഫ്രാൻസ് തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ചർച്ച പുരോഗമിക്കുകയാണെന്ന് ഡി.ആർ.ഡി.ഒ മിസൈൽ വിഭാഗം മേധാവി യു. രാജബാബു പ്രതികരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
കരാറിലേക്ക് എത്താനുള്ള വിലപേശല്‍ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ പിനാകയുടെ കാര്യവും ചര്‍ച്ചയിലുള്‍പ്പെട്ടേക്കും. എന്നാല്‍, ഇക്കാര്യത്തില്‍ വിദേശകാര്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തിടെ അര്‍മേനിയ ഇന്ത്യയില്‍നിന്ന് നാല് പിനാക റോക്കറ്റ് സംവിധാനം വാങ്ങിയിരുന്നു. 2000 കോടിരൂപയുടെ ഇടപാടായിരുന്നു അത്. ഇന്തൊനീഷ്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളും പിനാകയില്‍ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഫ്രാൻസ് ഇന്ത്യയിൽനിന്ന് പിനാക്ക വാങ്ങിയാൽ അത് വമ്പൻ പ്രതിരോധ കരാറാകുമെന്നും സൂചനയുണ്ട്.
പിനാക റോക്കറ്റ് സംവിധാനത്തിന് 90 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യങ്ങള്‍ ഭേദിക്കാനാകും. 44 സെക്കന്‍ഡിനുള്ളില്‍ 12 തവണ റോക്കറ്റുകള്‍ ലോഞ്ച് ചെയ്യാനാകുമെന്നതാണ് പിനാകയുടെ പ്രത്യേകത. ഇതിന്റെ 120 കിലോമീറ്റര്‍ ദൂരപരിധിയുള്ള വകഭേദം ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മാര്‍ക്ക്-1, മാര്‍ക്ക്-2 എന്നീ വകഭേദങ്ങളാണ് നിലവിലുള്ളത്. ദൂരപരിധി കൂടിയ പിനാക റോക്കറ്റ് വരുന്നതോടെ മുന്‍ ശ്രേണികള്‍ ഒഴിവാക്കാനാണ് സൈന്യം പദ്ധതിയിടുന്നത്.
നേരത്തെ ഫ്രാൻസിൽനിന്ന് റഫാൽ ഫൈറ്റർ ജെറ്റുകളും സ്കോർപീൻ സബ്മറൈനുകളും ഉൾപ്പെടെയുള്ളവ ഇന്ത്യ വാങ്ങിയിരുന്നു. ഇരു രാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണവും ഇതിലൂടെ മെച്ചപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ, തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ സംവിധാനം ഫ്രാൻസ് വാങ്ങാനൊരുങ്ങുന്നുവെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.