ഗസ്സ സിറ്റി: ഗസ്സയിൽ വീണ്ടും ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. തങ്ങളുടെ നാലു സൈനികർ കൂടി കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. രൂക്ഷ ആക്രമണം നടക്കുന്ന തെക്കൻ ഗസ്സയിലാണ് സൈനികർ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം പരിക്കേറ്റ സൈനികനാണ് മരിച്ചവരിൽ ഒരാൾ. മാത്രമല്ല, ഇവിടെ ഏതാനും സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഗസ്സയിൽ ഇസ്രായേലിന് ഒരു മുന്നേറ്റവും ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് ഇസ്രായേൽ മുൻ സൈനിക മേജർ ജനറലും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായിരുന്ന യാക്കോവ് അമിദ്രോർ. തുരങ്ക ശൃംഖലക്ക് മുന്നിൽ എന്തുചെയ്യുമെന്ന് ഒരു പിടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം ഞായറാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിൽ 90 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. സെൻട്രൽ ഗസ്സയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം നടത്തി. 15 പേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്.
വടക്കൻ ഗസ്സയിലെ കമാൽ അദ്‍വാൻ ആശുപത്രി മുറ്റത്ത് തമ്പടിച്ചിരുന്ന രോഗികളടക്കം 20 പേരെ ഇസ്രായേൽ സേന ബുൾഡോസർ കയറ്റി കൊലപ്പെടുത്തി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന അഭയാർഥികൾ ബുൾഡോസറിനടിയിൽ ഞെരിഞ്ഞമർന്നു. ആശുപത്രിയുടെ വലിയൊരു ഭാഗവും തകർത്തു. 12 നവജാത ശിശുക്കൾ ഇൻകുബേറ്ററിൽ ജീവനോട് മല്ലിടുകയാണെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രി മായ് അൽ കൈല പറഞ്ഞു. സംഭവത്തിൽ അടിയന്തര അന്വേഷണം വേണമെന്നും കുറ്റവാളികളെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്ത് ശിക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഗസ്സ സിറ്റിയിലെ കാത്തലിക് ചർച്ചിൽ കടന്നുകയറിയ ഇസ്രായേലി സൈനികൻ അമ്മയെയും മകളെയും വെടിവെച്ചുകൊന്നു. നാഹിദ, സമർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഏഴുപേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.