പട്ടി വിസർജ്യം തീറ്റിച്ചു, പട്ടിക്കൂട്ടിൽ ചങ്ങലക്കിട്ടു; വീട്ടുജോലിക്കിടെ നേരിട്ട ക്രൂരത വിവരിച്ച് ഇന്തോനേഷ്യൻ യുവതി

ജക്കാർത്ത: നിർബന്ധിച്ച് പട്ടികളുടെ വിസർജ്യം തിന്നിച്ചു...ക്രൂരമായി മർദിച്ചു...പട്ടിക്കൂട്ടിൽ ചങ്ങലക്കിട്ടു ...സമാനതകളില്ലാത്ത ക്രൂരമായ അനുഭവങ്ങൾ വിവരിച്ച് ഇന്തോനേഷ്യൻ യുവതി. കടബാധ്യതകളിൽ ​പെട്ട് ഉഴലുന്ന മാതാപിതാക്കളെ സഹായിക്കുന്നതിനായാണ് സിതി ഖോടിമാഹ് എന്ന യുവതി സ്വന്തം നാടായ ജാവയിൽ നിന്ന് ജക്കാർത്തയിലേക്ക് കഴിഞ്ഞ വർഷം വീട്ടുജോലിക്ക് പോയത്. ഫേസ്ബുക്ക് വഴിയായിരുന്നു വീട്ടുജോലിക്കാരിയെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ടത്. കൂടുതലൊന്നും ആലോചിക്കാതെ അപേക്ഷിക്കുകയും ​​ചെയ്തു. കഠിനമായ പീഡനമാണ് ഈ 24കാരിയെ അവിടെ കാത്തിരുന്നത്.

വിവരം പുറത്തറിഞ്ഞപ്പോൾ 70 വയസുള്ള സമ്പന്നയായ വീട്ടുടമയും അവരുടെ ഭർത്താവും മകളുമടക്കം ആറ് പേർ ജയിലിലായി.

​ജോലിക്കിടെ ബലാത്സംഗത്തിനും ഇരയായി. ആദ്യം തുറന്നുപറയാൻ പേടിയായിരുന്നു. പൊലീസിൽ വിവരമറിയിച്ചപ്പോഴാണ് ലൈംഗിക പീഡനത്തിന് മറ്റൊരു കേസ് നൽകാൻ പറഞ്ഞത്. എനിക്ക് സംഭവിച്ച​ത് വെച്ച് നോക്കുമ്പോൾ അവരുടെ തടവുശിക്ഷ നിസ്സാരമാണ്. -സിതി പറയുന്നു. സിതിയുടെ കഥ ഒറ്റപ്പെട്ട സംഭവമല്ല. ഇന്തോനേഷ്യയിൽ നൂറുകണക്കിന് വീട്ടുജോലിക്കാരാണ് ഇത്തരത്തിൽ പീഡനമനുഭവിക്കുന്നത്. നിലവിൽ വീട്ടുജോലിക്കാരെ ഇന്തോനേഷ്യയിൽ തൊഴിലാളികളായി അംഗീകരിക്കുന്നില്ല.

2022 ഏപ്രിലിലാണ് സിതി വീട്ടുജോലിക്കെത്തിയത്. ആഴ്ചകൾക്കു ശേഷം അവളിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ടു. എന്നാൽ ചെയ്യാത്ത കുറ്റം ഏറ്റെടുക്കാൻ സിതി തയാറായില്ല. പിന്നീട് നിരവധി മോഷണങ്ങളിൽ വീട്ടുടമ സിതിയെ പ്രതിയാക്കി. ഡിസംബർ വരെ ക്രൂരമർദനങ്ങൾക്കിരയാക്കി. പട്ടികളുടെ മൂത്രവും വിസർജ്യവും ഭക്ഷിക്കാൻ നിർബന്ധിക്കപ്പെട്ടു. തിളച്ച വെള്ളം ദേഹത്ത് ഒഴിച്ചു. പിന്നീട് പട്ടിക്കൂട്ടിൽ ചങ്ങലക്കിട്ടു.-താൻ നേരിട്ട മർദന മുറകളെ കുറിച്ച് പറയുമ്പോൾ സിതി പൊട്ടിക്കരഞ്ഞു. എട്ടുമാസം ജോലിചെയ്തിട്ടും 99 ഡോളർ മാത്രമാണ് കിട്ടിയത്. ഒടുവിൽ എങ്ങനെയൊക്കെയോ രക്ഷപ്പെട്ട് ജാവയിലെ സ്വന്തം വീട്ടിൽ എത്തുകയായിരുന്നു.

വാതിലിൽ മുട്ടു കേട്ടാണ് അവളുടെ അമ്മ വാതിൽ തുറന്നത്. പുറത്തുവന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. ദേഹമാസകലം മുറിവുകളും പാറിപ്പറിഞ്ഞ മുടിയുമായി ഒരു മനുഷ്യക്കോലം. അത് തന്നെ മക​ളാണെന്ന് തിരിച്ചറിയാൻ ആ അമ്മ കുറച്ച് സമയമെടുത്തു. അവളുടെ കൈകളിൽ സിഗരറ്റ് കുറ്റികൾ കൊണ്ടു പൊള്ളിച്ച പാടുകളുണ്ടായിരുന്നു. ദേഹം മുഴുവൻ ചോരയുണങ്ങാത്ത മുറിപ്പാടുകളും. കുടുംബം ഉടൻ പൊലീസിൽ വിവരമറിയിച്ചു. പിന്നാലെ വീട്ടുടമയെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

സിതിയെ ജക്കാർത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുമാസത്തോളം അവിടെ ചികിത്സയിലായിരുന്നു. ശാരീരികമായി ഏറ്റ മുറിവുകൾ ഉണങ്ങിയെങ്കിലും അവളുടെ മനസിന് ഏറ്റ ആഘാതം കുറഞ്ഞില്ല. തന്നെ പോലുള്ള വീട്ടുജോലിക്കാർക്കായി പോരാടുമെന്ന് അവൾ ദൃഢനിശ്ചയം ചെയ്തു. ഇന്തോനേഷ്യയിൽ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമം പാസാക്കണമെന്നാണ് സിതിയുടെ ആവശ്യം.

Tags:    
News Summary - Forced to eat dog faeces, chained Indonesian maid's horrific abuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.