അങ്കാറ: അഭയാർഥികളുടെ ബോട്ടപകടം തുടർക്കഥയാകുന്നു. തെക്കുപടിഞ്ഞാറൻ തുർക്കിയയിൽ അയ്ദിൻ പ്രവിശ്യയിലെ ദിദിം ജില്ലയുടെ തീരത്ത് ബോട്ട് മുങ്ങി അഞ്ച് കുടിയേറ്റക്കാർ കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. ഒരു കുട്ടി അടക്കം 11 പേരെ തീരസംരക്ഷണ സേന രക്ഷിച്ചു.
കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് ഇവരെന്നാണ് റിപ്പോർട്ട്. തുർക്കിയ വഴി യൂറോപ്പിലെത്താൻ ശ്രമിക്കുന്ന കുടിയേറ്റക്കാർക്ക് ഈജിയൻ കടൽ പ്രധാന പാതയാണ്. ആഭ്യന്തര സംഘർഷം, ദാരിദ്ര്യം തുടങ്ങിയ കാരണങ്ങളാലാണ് ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് യൂറോപ്പിലേക്ക് കുടിയേറ്റത്തിന് ശ്രമിക്കുന്നത്.
യൂറോപ് ലക്ഷ്യമാക്കി ബോട്ടുകളിൽ നീങ്ങിയ 1300ഓളം അഭയാർഥികളെയാണ് ഇറ്റാലിയൻ തീരസംരക്ഷണ സേനയും നാവികസേനയും കഴിഞ്ഞദിവസം പ്രത്യേക ദൗത്യത്തിലൂടെ കരക്കെത്തിച്ചത്. മോശം കാലാവസ്ഥയിൽ അപകടാവസ്ഥയിലായിരുന്നു ഇവരെന്ന് ഇറ്റാലിയൻ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.