അബൂദബി: ആദ്യ ആഗോള മാധ്യമസമ്മേളനം അബൂദബിയില്‍ നവംബര്‍ 15 മുതല്‍ 17 വരെ നടക്കും. പരമ്പരാഗത മാധ്യമങ്ങളുടെ തകര്‍ച്ചയും മാധ്യമമേഖലയുടെ അതിജീവനവും ഗ്ലോബല്‍ മീഡിയ കോണ്‍ഗ്രസ് ചര്‍ച്ചചെയ്യും.
അബൂദബി നാഷനല്‍ എക്സിബിഷന് സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ വിദേശത്തുനിന്നുള്ള മാധ്യമപ്രവര്‍ത്തകരും വിദഗ്ധരും അടക്കം വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍, നിര്‍മിതബുദ്ധി, സാങ്കേതിക വിദ്യ, മാധ്യമമേഖലയിലെ സര്‍ഗാത്മകത, മാധ്യമപ്രവര്‍ത്തനം, റേഡിയോ, ടെലിവിഷന്‍, ഇന്റര്‍നെറ്റ്, സമൂഹമാധ്യമം തുടങ്ങി നിരവധി വിഷയങ്ങളില്‍ അധിഷ്ഠിതമായ ചര്‍ച്ചകള്‍ക്ക് സമ്മേളനം വേദിയാവും. 200ലേറെ ഉന്നത ഉദ്യോഗസ്ഥരും 1200 ഓളം പ്രതിനിധികളും സമ്മേളനത്തിലെ മുപ്പതോളം സെഷനുകളിലായി പങ്കെടുക്കും.
40ലേറെ പ്രഭാഷകരും സംബന്ധിക്കുന്നുണ്ട്. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദിന്റെ രക്ഷാകര്‍തൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് അഡ്നെക്, ദേശീയ വാര്‍ത്ത ഏജന്‍സിയായ വാം എന്നിവയാണ് നേതൃത്വം നല്‍കുന്നത്. മാധ്യമമേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതു സംബന്ധിച്ച ആശയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
ചര്‍ച്ചകള്‍, വര്‍ക്ക്ഷോപ്പുകള്‍, പാനല്‍ ഡിബേറ്റുകള്‍, നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട സെഷനുകള്‍ തുടങ്ങിയ ഉണ്ടാവും. സോഷ്യല്‍ മീഡിയ കമ്പനികളായ ടിക് ടോക്കിന്റെയും ട്വിറ്ററിന്റെയും പ്രതിനിധികളില്‍നിന്നുള്ള വിശകലനം ഫീച്ചര്‍ ചെയ്യുന്ന ഹ്രസ്വ വിഡിയോയും പ്രദര്‍ശിപ്പിക്കും. യു.എ.ഇ മന്ത്രിമാരും പ്രമുഖ മാധ്യമ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.