ഫ്രാൻസിൽ ആദ്യഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

പാരിസ്: യൂറോപ്യൻ യൂനിയനിലെ രണ്ടാമത്തെ സാമ്പത്തികശക്തിയായ ഫ്രാൻസിൽ ഞായറാഴ്ച ആദ്യഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പ്. 4.87 കോടി വോട്ടർമാരാണ് വിധിനിർണയത്തിൽ ഭാഗഭാക്കാവുക. നിലവിലെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ (ലെ റിപ്പബ്ലിക് എൻ മാർഷ്), തീവ്രവലതുപക്ഷ പാർട്ടിയിലെ (നാഷനൽ റാലി) മരീൻ ലീ പെൻ എന്നിവരാണ് മുഖ്യ സ്ഥാനാർഥികൾ. ഇവരുൾപ്പെടെ 12 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. വോട്ടെടുപ്പിൽ മാക്രോണിനാണ് നേരിയ മുൻതൂക്കം.

യൂറോപ്യൻ യൂനിയൻ, റഷ്യയുടെ യുക്രെയ്ൻ അധിനിവേശം എന്നീ വിഷയങ്ങളിൽ ഇരുതട്ടിലാണ് ഇരുനേതാക്കളും. ലീപെൻ വിജയിക്കുകയാണെങ്കിൽ ഫ്രഞ്ച് ഭരണത്തിൽ അടിമുടി മാറ്റത്തിനു വഴിതെളിയും.

ബ്രിട്ടൻ പുറത്തുപോയതോടെ യൂറോപ്യൻ യൂനിയന്റെ പ്രധാന സൈനികശക്തി ഫ്രാൻസാണ്. ജർമൻ ചാൻസലർ പദവിയിൽനിന്ന് അംഗല മെർകൽ പടിയിറങ്ങിയതോടെ യൂറോപ്പിലെ ഏറ്റവും സ്വാധീനമുള്ള നേതാവ് എന്ന സ്ഥാനം മാക്രോൺ സ്വന്തമാക്കി. തീവ്രനിലപാട് പുലർത്തുന്ന ലീ പെൻ വിജയിച്ചാൽ യൂറോപ്യൻ യൂനിയനും ഫ്രാൻസും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ.

വൈദ്യുതിവില കുതിച്ചുയരുന്നതും ഉയർന്ന പണപ്പെരുപ്പവുമാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ലീ പെൻ ഇതാണ് പ്രചാരണത്തിൽ ഉയർത്തിക്കാട്ടിയതും. മാക്രോണിന്റെ സാമ്പത്തിക നയത്തിൽ അസന്തുഷ്ടരാണ് മിക്കവരും. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. കോവിഡ് വൈറസിനെ നിയന്ത്രണത്തിലാക്കാൻ മാക്രോൺ സ്വീകരിച്ച നടപടികളും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.

ആദ്യഘട്ടത്തിൽ മുന്നിലെത്തുന്ന സ്ഥാനാർഥികൾ രണ്ടാംഘട്ടത്തിലേക്കു മത്സരിക്കും. ഏപ്രിൽ 24നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്.  

Tags:    
News Summary - first round presidential election took place in france

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.