മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള നീക്കത്തെ പൊരുതിത്തോൽപിക്കുമെന്ന് ‘വോയ്സ് ഓഫ് അമേരിക്ക’യുടെ വൈറ്റ് ഹൗസ് ബ്യൂറോചീഫ്

വാഷിംങ്ടൺ: ഭരണകൂടം മാധ്യമങ്ങൾക്കെതിരെ കൂടുതൽ ആക്രമോൽസുകമാവുന്നതിനാൽ അതിനെ ചെറുക്കുമെന്ന് പ്രമുഖ അമേരിക്കൻ മാധ്യമ പ്രവർത്തക പാറ്റ്സി വിദാകുസ്വര. നൂറിലേറെ വർഷം പഴക്കമുള്ള ‘വോയ്സ് ഓഫ് അമേരിക്ക’ എന്ന മാധ്യമ സ്ഥാപനം അടച്ചുപൂട്ടാനുള്ള ഡോണൾഡ് ട്രംപിന്റെ ഉത്തരവിനെതിരെ പോരാടുന്ന കേസിലെ പ്രധാന വാദിയാണ് പാറ്റ്സി. പ്രക്ഷേപണ ഏജൻസിയുടെ വൈറ്റ് ഹൗസ് ബ്യൂറോ ചീഫ് ആണിവർ.

‘ട്രംപ് വിരുദ്ധ’മെന്നും ‘തീവ്രവാദ’ സ്വഭാവത്തിലുള്ളതെന്നും ഭരണകൂടം വിശേഷിപ്പിച്ച വോയ്സ് ഓഫ് അമേരിക്കയെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് പാറ്റ്സി നേതൃത്വം നൽകി വരികയാണ്. മാർച്ചിൽ ട്രംപ് എക്സിക്യൂട്ടിവ് ഉത്തരവിൽ ഒപ്പുവെച്ചതിനെ തുടർന്ന് യു.എസ് ഏജൻസി ഫോർ ഗ്ലോബൽ മീഡിയ വഴിയുള്ള ധനസഹായം നിർത്തലാക്കിയിരുന്നു.

നാസി പ്രചാരണത്തെ ചെറുക്കുന്നതിനായി 1942ൽ ആരംഭിച്ച വോയ്സ് ഓഫ് അമേരിക്ക, ലോകമെമ്പാടുമുള്ള 35 കോടിയോളം ആളുകളിലേക്ക് എത്തുംവിധം ഡസൻ കണക്കിന് ഭാഷകളിലുള്ള ഫെഡറൽ ധനസഹായമുള്ള അന്താരാഷ്ട്ര പ്രക്ഷേപണ ശൃംഖലയാണ്.

എന്നാൽ, ട്രംപിന്റെ ഉത്തരവിനുശേഷം അതിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. വോയ്സ്‍ ഓഫ് അമേരിക്കയുടെ 1,300 പേരടങ്ങുന്ന ജീവനക്കാർ ഉടനടി അഡ്മിനിസ്ട്രേറ്റിവ് അവധിയിൽ പ്രവേശിച്ചു. 600ഓളം കരാർ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.

‘അമേരിക്കൻ ഐക്യനാടുകളിൽ പത്രസ്വാതന്ത്ര്യത്തിനായി പോരാടേണ്ടിവരുമെന്ന് ഇത്രയും വർഷത്തിനിടെ ഒരിക്കൽ​പോലും ഞാൻ കരുതിയിരുന്നില്ല. പത്രപ്രവർത്തനം ആക്രമണത്തിനിരയാവുന്നു എന്നതിനാൽ തിരിച്ചടിക്കൽ അതിനെ ശാക്തീകരിക്കുമെന്ന് കരുതുന്നു. ചെറുക്കാനും തിരിച്ചടിക്കാനും ഞങ്ങൾക്ക് കൂടുതൽ ആളുകൾ ആവശ്യമാണ്’ -പാറ്റ്സി പറഞ്ഞു.

ശക്തരായ നേതാക്കളെ വെല്ലുവിളിച്ചതിന്റെ പേരിൽ ഇതിനകം നിരവധി പത്രസമ്മേളനങ്ങളിൽനിന്ന് പുറത്താക്കപ്പെട്ട പാറ്റ്സി അത്ര പെട്ടെന്ന് പിന്മാറുന്ന തരക്കാരിയല്ല. ഒരു പത്രപ്രവർത്തകയെന്ന നിലയിൽ മൂന്ന് പതിറ്റാണ്ടുകളായി സഹജാവബോധത്താൽ അവർ പ്രവർത്തിക്കുന്നു.

പ്രക്ഷേപണ ഏജൻസിക്കെതിരായ നീക്കത്തിൽ ഒന്നും ചെയ്യാതിരിക്കുക എന്നത് അചിന്തനീയമാണെന്ന് അവർ തിരിച്ചറിഞ്ഞു. ദിവസങ്ങൾക്കുള്ളിൽ അതിനെതിരെ പോരാടാൻ ടീമിനെ അണിനിരത്തി. തൊട്ടുപിന്നാലെ കേസ് ഫയൽ ചെയ്തു.

1990കളുടെ അവസാനത്തിൽ ഇന്തോനേഷ്യൻ ഏകാധിപതി സുഹാർത്തോയെ അട്ടിമറിച്ച സമയത്ത് ജക്കാർത്തയിൽ തന്റെ തൊഴിൽ ആരംഭിച്ച ഇന്തോനേഷ്യൻ വംശജയായ പത്രപ്രവർത്തക സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ പ്രത്യാഘാതങ്ങൾക്ക് നേരിട്ട് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

Tags:    
News Summary - ‘Fight back’: journalist taking Trump administration to court calls for media to resist attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.