വാഷിങ്ടൺ: ജീവജാലങ്ങളുടെ വളർച്ചയും ഘടനയും പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള ജനിതക വിവരങ്ങൾ എഴുതപ്പെട്ട ഡി.എൻ.എയുടെ ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞരിലൊരാളായ ജെയിംസ് വാട്സൺ അന്തരിച്ചു. 97 വയസ്സായിരുന്നു. ന്യൂയോർക്കിലെ ഈസ്റ്റ് നോർത്ത് പോർട്ടിലെ ആശുപത്രിയിൽ വെള്ളിയാഴ്ചയാണ് മരിച്ചത്.
1953ൽ വാട്സണും ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ഫ്രാൻസിസ് ക്രിക്കും ഡി.എൻ.എ ഘടന കണ്ടെത്തിയതോടെയാണ് ആധുനിക ലോകത്ത് ജനിതക ശാസ്ത്രത്തിന്റെ വിപ്ലവത്തിന് വഴിയൊരുക്കിയത്. 1962ൽ, ഈ കണ്ടെത്തലിന് വൈദ്യ ശാസ്ത്ര നൊബേൽ പുരസ്കാരം ലഭിച്ചു.
രോഗികൾക്ക് ജീനുകൾ നൽകി ചികിത്സിക്കുന്ന ജീൻ തെറപ്പി, ഡി.എൻ.എ സാമ്പിളുകളിൽ നിന്ന് മൃതദേഹങ്ങളെയും പ്രതികളെയും തിരിച്ചറിയുന്ന ഫോറൻസിക് പരിശോധന, കുടുംബ വംശാവലി കണ്ടെത്തുന്ന ജീനോം സീക്വൻസിങ് തുടങ്ങിയവക്കെല്ലാം തുടക്കമായത് ഡി.എൻ.എയുടെ പിരിയൻ ഗോവണി (ഡബ്ൾ ഹെലിക്സ്) ഘടനയുടെ കണ്ടുപിടിത്തത്തോടെയാണ്. 1928 ഏപ്രിൽ ആറിന് ഷികാഗോയിലാണ് വാട്സൺ ജനിച്ചത്. പതിനഞ്ചാം വയസ്സിൽ ഷികാഗോ സർവകലാശാലയിൽ നിന്ന് സ്കോളർഷിപ് നേടിയ ഇദ്ദേഹം, ഡി.എൻ.എ ഘടനയെ കുറിച്ചുള്ള ഗവേഷണത്തിനാണ് കേംബ്രിജിലെത്തിയത്.
അവിടെ നിന്നാണ് ക്രിക്കിനെ പരിചയപ്പെടുന്നത്. ഇരുവരും ചേർന്ന് ഡി.എൻ.എയുടെ മാതൃകകൾ നിർമിക്കാൻ ശ്രമിച്ചിരുന്നു. ഇക്കാലത്തുതന്നെ വിൽകിൻസനെപ്പോലുള്ളവർ ഡി.എൻ.എയെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തിയിരുന്നു.
എന്നാൽ, വാട്സണും ക്രിക്കുമാണ് ഡി.എൻ.എ ഘടനയെ കൃത്യമായ വിശദീകരിച്ചത്. 1962ലെ നൊബേൽ ഈ മൂന്നുപേരുമാണ് പങ്കിട്ടത്. ഇന്ത്യാന സർവകലാശാല, കോൾഡ് സ്പ്രിങ് ഹാർബർ ലബോറട്ടറി, ഹാർവഡ് യൂനിവേഴ്സിറ്റി, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിൽ ഗവേഷകനായും അധ്യാപകനായും പ്രവർത്തിച്ചു.
ജെയിംസ് വാട്സന്റെ വംശീയ പരാമർശങ്ങൾ പലകുറി അദ്ദേഹത്തെ വിവാദത്തിലാക്കി. കറുത്ത വർഗക്കാർ വെള്ളക്കാരേക്കാൾ ബുദ്ധികുറഞ്ഞവരാണെന്ന അധിക്ഷേപ പരാമര്‍ശം കടുത്ത പ്രതിഷേധത്തിനിടയാക്കി. ഇതിന് പിന്നാലെ ന്യൂയോർക്കിലെ കോൾഡ് സ്പ്രിങ് ഹാർബർ ലബോറട്ടറിയിലെ ചാൻസലർ സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.