ഉഷ്ണതരംഗവും കാട്ടുതീയും; വെന്തുരുകി യൂറോപ്പ്

റോം: അത്യുഷ്ണം പിടിമുറുക്കിയ യൂറോപ്പിൽ സാധാരണ ജീവിതം ദുരിതമയമാക്കി ചുടുകാറ്റും കാട്ടുതീയും. ബുധനാഴ്ച ചൂട് 46 ഡിഗ്രി കടന്ന ഇറ്റലിയിൽ റോം ഉൾപ്പെടെ 23 നഗരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഗ്രീക് തലസ്ഥാനമായ ആതൻസിൽ തുടർച്ചയായ മൂന്നാം ദിനവും കാട്ടുതീ പടരുന്നത് ആശങ്ക ഇരട്ടിയാക്കി. തീയണക്കാൻ രാത്രിയും പകലും ശ്രമം തുടരുന്നുണ്ടെങ്കിലും കാറ്റടിച്ചുവീശുന്നത് സ്ഥിതി ഗുരുതരമാക്കുകയാണ്. ഏഷ്യയിൽ ചൈനയടക്കം രാജ്യങ്ങളിലും ചൂട് ക്രമാതീതമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അമേരിക്കയിലും കഴിഞ്ഞ ദിവസങ്ങളിൽ ഉഷ്ണം പിടിമുറുക്കിയിരുന്നു. അതേസമയം, സ്പെയിനിൽ ഉഷ്ണതരംഗ തീവ്രത കുറഞ്ഞുവരുന്നതായാണ് കാലാവസ്ഥ വിഭാഗം അറിയിക്കുന്നത്. ഗ്രീസിന് സമാനമായി നേരത്തെ കാട്ടുതീ പടർന്നുപിടിച്ച സ്പെയിനിലെ ലാ പാൽമ ദ്വീപിൽ അഞ്ചുദിവസത്തിനുശേഷം തീ നിയന്ത്രണവിധേയമായിട്ടുണ്ട്. ഇവിടങ്ങളിൽ വീടുകളിൽ തിരിച്ചുപോകാൻ അധികൃതർ അനുമതി നൽകി. ഇവിടം മാത്രം 8700 ഏക്കർ ഭൂമി അഗ്നിവിഴുങ്ങിയിരുന്നു. 20 വീടുകളും ചാമ്പലായി.

ഫോസിൽ ഇന്ധനങ്ങളുടെ അമിതോപയോഗമടക്കം കാരണങ്ങൾ സൃഷ്ടിക്കുന്ന കാലാവസ്ഥ വ്യതിയാനം മനുഷ്യരാശിക്ക് ഭീഷണിയാകുംവിധം വർധിച്ചുവരുകയാണെന്ന ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് ശരിവെച്ചാണ് യൂറോപ്, ഏഷ്യ, അമേരിക്ക ഭൂഖണ്ഡങ്ങളിൽ ചൂട് കൂടുന്നത്. യൂറോപ്പിൽ പലയിടത്തും താപനില 40 ഡിഗ്രിക്ക് മുകളിൽ തുടരുമെന്നും മുന്നറിയിപ്പുണ്ട്. സിസിലി ദ്വീപിൽ 47 ഡിഗ്രി വരെ എത്തിയത് ഞെട്ടലായി. ഉത്തര ആഫ്രിക്കയിൽ 50 ഡിഗ്രി ചൂടും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യു.എസിൽ എട്ടുകോടി പേർക്ക് അത്യുഷ്ണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം യൂറോപ്പിൽ കടുത്ത താപത്തെ തുടർന്ന് 61,000ത്തോളം പേർ മരിച്ചതായാണ് കണക്ക്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് ലോകത്തിന് ചൂടുപിടിക്കുന്നതെന്നും ഇത് ഇനിയും വർധിക്കുന്നത് ദുരന്തം ഇരട്ടിയാക്കുമെന്നും വിദഗ്ധർ പറയുന്നു.

സമാനമായി ഇന്ത്യ, ദക്ഷിണ കൊറിയ രാജ്യങ്ങളിൽ അപ്രതീക്ഷിത മഴയും ദുരന്തം വിതച്ചിരുന്നു. ഇന്ത്യയിൽ 100ലേറെ പേർ മരിച്ചപ്പോൾ ദക്ഷിണ കൊറിയയിൽ 22 പേരാണ് മരണത്തിന് കീഴടങ്ങിയത്.

Tags:    
News Summary - Extreme heat sets records, brings health warnings in Europe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.