ലണ്ടൻ: ഗസ്സ പുനർനിർമാണത്തിന് ഈജിപ്തിന്റെ നേതൃത്വത്തിൽ അറബ് രാജ്യങ്ങൾ തയാറാക്കിയ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ യൂറോപ്യൻ രാജ്യങ്ങളും. 5300 കോടിയോളം ഡോളർ ചെലവുവരുന്ന പദ്ധതിയെ ഫ്രാൻസ്, ജർമനി, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളാണ് സ്വാഗതം ചെയ്തത്.
കടുത്ത ദുരിതത്തിൽനിന്ന് ഗസ്സയിലെ ജനങ്ങളുടെ ജീവിതത്തിൽ സുസ്ഥിരമായ പുരോഗതി ഉറപ്പുനൽകുന്നതാണ് ഈ പദ്ധതിയെന്ന് യൂറോപ്യൻ രാജ്യങ്ങൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പദ്ധതി തയാറാക്കിയതിലൂടെ അറബ് രാജ്യങ്ങൾ നൽകുന്ന സുപ്രധാന സന്ദേശത്തെ അഭിനന്ദിച്ച യൂറോപ്യൻ രാജ്യങ്ങൾ, ഗസ്സ പുനർനിർമാണം യാഥാർഥ്യമാക്കാൻ അറബ് രാജ്യങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും വ്യക്തമാക്കി.
ജനങ്ങളെ പൂർണമായും ഒഴിപ്പിച്ച് ഗസ്സ വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് ബദലായാണ് ഈജിപ്ത് ഗസ്സ പുനർനിർമാണ പദ്ധതി തയാറാക്കിയത്. അഞ്ചുവർഷംകൊണ്ട് ഗസ്സയെ പൂർണമായും ആധുനിക നഗരമാക്കി പുനർനിർമിക്കാനുള്ള പദ്ധതി ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും തള്ളിയിരുന്നു. ഹമാസിന് പകരം ഗസ്സയുടെ ഭരണ ചുമതല സ്വതന്ത്രരായ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സമിതിയെ ഏൽപിക്കണമെന്നാണ് പദ്ധതി നിർദേശിക്കുന്നത്. ചൊവ്വാഴ്ച നടന്ന അറബ് ലീഗ് ഉച്ചകോടിയിൽ അവതരിപ്പിച്ച പദ്ധതിയെ ഫലസ്തീൻ അതോറിറ്റിയും ഹമാസും സ്വാഗതം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.