അങ്കാറ: സൗദി ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ നയതന്ത്ര ബന്ധം വിച്ഛേദിച്ച് ഖത്തറിനെ ഒറ്റപ്പെടുത്തിയ നടപടിക്കെതിരെ തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഖത്തർ തീവ്രവാദത്തെ സഹായിക്കുന്നു എന്നതരത്തിലുള്ള ഗൾഫ് രാജ്യങ്ങളുടെ ആരോപണം ഗൗരവതരമാണ്. ഉപരോധങ്ങൾ ഏർപ്പെടുത്തി ഖത്തറിനെ ഒറ്റപ്പെടുത്തിയതുകൊണ്ടു പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് കരുതുന്നില്ല. ഖത്തറിെൻറ നേതാക്കളെ തനിക്ക് നന്നായി അറിയാം. ഭീകരർക്ക് സഹായം നൽകുന്നുണ്ടെന്ന് തെളിയിക്കപ്പെട്ടാൽ ഖത്തറിനെ ആദ്യം തള്ളിപ്പറയുന്നത് തുർക്കിയായിരിക്കും. പ്രതിസന്ധിയിൽ തളരാതെ പിടിച്ചുനിൽക്കുന്ന ഖത്തറിനെ അദ്ദേഹം പ്രശംസിച്ചു.
പ്രതിസന്ധി പരിഹരിക്കാൻ എല്ലാ സഹായവുമായി തുർക്കി മുന്നിലുണ്ടാകുമെന്നും ഖത്തറുമായും മറ്റ് അറബ് രാജ്യങ്ങളുമായുള്ള ബന്ധം തുടരുമെന്നും ഉർദുഗാൻ വ്യക്തമാക്കി. പ്രശ്നത്തിൽ സൗദിയെ നേരിട്ട് കുറ്റപ്പെടുത്താതിരിക്കാനും ഉർദുഗാൻ ശ്രദ്ധിച്ചു. ചർച്ചയിലൂടെ ഇപ്പോൾ ഉടലെടുത്ത പ്രശ്നങ്ങൾക്ക് പരിഹാരം കാണണം.ഫ്രഞ്ച് പ്രസിഡൻറ് മാക്രോൺ, ലെബനാൻ പ്രധാനമന്ത്രി സഅദ് അൽ ഹരീരി, ജോർഡൻ രാജാവ് കിങ് അബ്ദുല്ല തുടങ്ങിയ നേതാക്കളുമായി വിഷയം ചർച്ചചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്രതലത്തിൽ സമ്മർദം ചെലുത്തി പ്രശ്നം പരിഹരിക്കാനാണ് നോക്കുന്നത്. ഉപരോധം ഉടൻ പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉർദുഗാൻ പറഞ്ഞു. പ്രശ്നപരിഹാരത്തിെൻറ സാധ്യതകൾ തേടി നേരത്തെ ഖത്തർ, റഷ്യ, കുവൈത്ത്, സൗദി നേതാക്കളുമായും ഉർദുഗാൻ ചർച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.