യു.എസ് -ഇറാൻ ചർച്ച: ഇസ്‌ലാമാബാദിലും റാവൽപിണ്ടിയിലും സുരക്ഷ ശക്തമാക്കി പാകിസ്താൻ

ഇസ്‌ലാമാബാദ്: യു.എസ് -ഇറാൻ രണ്ടാംഘട്ട ചർച്ചയുടെ സമയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിദേശ നേതാക്കളെ സ്വീകരിക്കാൻ സുരക്ഷ ശക്തമാക്കി പാക് പൊലീസ്. തലസ്ഥാവമായ ഇസ്‌ലാമാബാദിലും സമീപ നഗരമായ റാവൽപിണ്ടിയിലുമാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. റാവൽപിണ്ടിയിലുടനീളം 10,000 ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും 600 ലധികം ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും എക്‌സ്‌പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.

രണ്ടാം ഘട്ട ചർച്ചകൾക്കു മുന്നോടിയായി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സൗദി അറേബ്യ, ഖത്തർ, തുർക്കിയ എന്നിവിടങ്ങൾ സന്ദർശിച്ചു. വിവാദ വിഷയങ്ങളിൽ സമവായം കണ്ടെത്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ഇറാനിൽ മൂന്ന് ദിവസം സന്ദർശനം നടത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.റാവൽപിണ്ടിയിലെ നൂർ ഖാൻ എയർബേസിനും ഇസ്‌ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ചുറ്റുമുള്ള നിരവധി പ്രദേശങ്ങൾ ഞായറാഴ്ച അർധരാത്രി മുതൽ അടച്ചിടുമെന്ന് പാക് പൊലീ അറിയിച്ചു. റാവൽപിണ്ടിയിൽ ഡ്രോൺ പറക്കൽ, പ്രാവ് പറക്കൽ, ആകാശത്ത് വെടിവയ്ക്കൽ എന്നിവയ്ക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. ഉന്നതതല വിദേശ പ്രതിനിധികളുടെ വരവിനു മുന്നോടിയായുള്ള സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. റാവൽപിണ്ടിയിൽ, പ്രത്യേകിച്ച് നൂർ ഖാൻ എയർബേസ്, ഇസ്ലാമാബാദ് വിമാനത്താവളം എന്നിവയുടെ പരിസരത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.

ന്യൂ ടൗൺ, സാദിഖാബാദ്, ചക്ലാല പൊലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിൽ പ്രത്യേക സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഞായർ അർധരാത്രി മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ പ്രദേശങ്ങളിലെ റെസ്റ്റോറന്റുകൾ അടച്ചിടാൻ അധികൃതർ ഉത്തരവിട്ടു. കൂടാതെ, പാർക്കുകൾ, ബ്യൂട്ടി പാർലറുകൾ, മാർക്കറ്റുകൾ, സ്നൂക്കർ ക്ലബ്ബുകൾ, ഫിറ്റ്നസ് സെന്ററുകൾ, പാൻ ഷോപ്പുകൾ, കിയോസ്ക്കുകൾ, ബാർബർ ഷോപ്പുകൾ, ബാങ്കുകൾ, ബേക്കറികൾ എന്നിവ അടച്ചിടണം. പൊതുഗതാഗതമോ ചരക്ക് ഗതാഗതമോ നിർത്തിവെക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

ഇസ്‌ലാമാബാദിലെ തത്രപ്രധാന മേഖലകളിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ടെന്നും ഈ റൂട്ടുകളിൽ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളുടെ ഉടമകളിൽ നിന്ന് സുരക്ഷാ സർട്ടിഫിക്കറ്റുകൾ അധികൃതര്‍ ആവശ്യപ്പെട്ടിണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റൂട്ടുകളിൽ പാർക്കിങ് പൂർണമായും നിരോധിക്കുമെന്നും ബന്ധമില്ലാത്ത വ്യക്തികൾക്ക് പ്രവേശനം അനുവദിക്കില്ലെന്നും പറയുന്നു.യു.എസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ഏപ്രിൽ 22ന് അവസാനിക്കും. ഈ മാസം 11, 12 തീയതികളിൽ ഇസ്‌ലാമാബാദിൽ നടന്ന ചർച്ച കരാറിലെത്താതെ പരാജയപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ പാകിസ്താൻ വീണ്ടും മധ്യസ്ഥ ചർച്ചക്ക് നയതന്ത്ര ശ്രമങ്ങൾ ആരംഭിച്ചിരുന്നു.

Tags:    
News Summary - Pakistan deploys 10,000 police as US-Iran talks speculation grows; no official date yet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.