സിഡ്നി: റോഹിങ്ക്യൻ വംശഹത്യയുടെ പേരിൽ രാജ്യാന്തര തലത്തിൽ കടുത്ത എതിർപ്പ് നേരിടുന്ന മ്യാന്മർ നേതാവ് ഒാങ്സാൻ സൂചി പ്രശ്നപരിഹാരത്തിന് ആസിയാൻ നേതാക്കളുടെ സഹായം തേടി. ആസ്ട്രേലിയ-ആസിയാൻ സംയുക്ത ഉച്ചകോടിക്കായി സിഡ്നിയിൽ എത്തിയ സൂചി വിവിധ രാഷ്ട്രങ്ങളുടെ നേതാക്കളുമായി ചർച്ച നടത്തി. വിഷയം കൈകാര്യം ചെയ്യാൻ മാനുഷിക ഇടപെടൽ ആവശ്യമാണെന്ന് സൂചി ആവശ്യപ്പെട്ടതായി ആസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ പറഞ്ഞു.
ആറര ലക്ഷത്തിലേറെ റോഹിങ്ക്യകളാണ് സൈനിക വേട്ടയിൽനിന്ന് രക്ഷപ്പെട്ട് മ്യാന്മർ വിട്ടത്. ഇവരെ തിരിച്ചയക്കാൻ ബംഗ്ലാദേശ് നടത്തുന്ന നീക്കങ്ങളോട് മ്യാന്മർ സർക്കാർ അനുകൂലമായല്ല പ്രതികരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. വിഷയത്തെ കുറിച്ച് പരസ്യ പ്രതികരണം കാര്യമായി നടത്താത്ത സൂചി റോഹിങ്ക്യ എന്ന പദംപോലും ഉപയോഗിക്കാറില്ല. മ്യാന്മർ സർക്കാർ റോഹിങ്ക്യകളുടെ വംശീയ പദവി അംഗീകരിക്കാത്തതാണ് ഇൗ പദം ഉപയോഗിക്കുന്നതിന് അവർക്ക് തടസ്സമാകുന്നത്. അതേസമയം, റോഹിങ്ക്യൻ വിഷയത്തിൽ ഇടപെടേണ്ടതില്ലെന്ന നിലപാട് തുടരാനാണ് ആസിയാൻ തീരുമാനം. ലക്ഷക്കണക്കിന് അഭയാർഥികളുടെ പ്രശ്നം രാജ്യാന്തര സമൂഹത്തിൽ കടുത്ത ഉത്കണ്ഠ നിലനിർത്തുന്നുണ്ടെന്ന് മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.