സംഘര്‍ഷത്തിനു പരിഹാരം മതസംവാദം –മാര്‍പാപ്പ

വത്തിക്കാന്‍: സങ്കുചിത മനസ്സും പ്രതിപക്ഷ ബഹുമാനമില്ലായ്മയും അവസാനിപ്പിക്കാനും അക്രമത്തില്‍നിന്നും വിവേചനത്തില്‍നിന്നും മനുഷ്യരെ മോചിപ്പിക്കാനും മതാന്തര സംവാദങ്ങള്‍ സഹായിക്കുമെന്ന് പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വന്തം വിശ്വാസം വെച്ചുപുലര്‍ത്തി ഇതര മതക്കാരെക്കുറിച്ച് അറിയാന്‍ ശ്രമിക്കുന്നത് കാരുണ്യപ്രഘോഷണത്തിന്‍െറ ഭാഗമാണെന്ന് വത്തിക്കാനില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ മതാന്തര സംവാദസമ്മേളനത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. 

സംവാദം ദൈവത്തെ പ്രസാദിപ്പിക്കുന്നു. സമൂഹത്തില്‍ സമാധാനം നിലനിര്‍ത്താനുള്ള അടിയന്തര ദൗത്യമാണത്. എല്ലാ ആധികാരിക മതങ്ങളുടെയും ആത്മാവായ സ്നേഹത്തിലേക്കാണ് അത് ജനങ്ങളെ ക്ഷണിക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്ത് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ അസഹിഷ്ണുതയും വിവേചനവും അനീതിയും വര്‍ധിച്ചുവരുന്നതിലും ന്യൂനപക്ഷങ്ങളെ സമഗ്രാധിപത്യ ആശയങ്ങളിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിലും പോപ്പ് കടുത്ത ആശങ്ക രേഖപ്പെടുത്തി. പ്രകൃതിവിഭവചൂഷണം അവസാനിപ്പിച്ച് ഭൂമിയെ വരും തലമുറക്കുകൂടി വിട്ടുകൊടുക്കാവുന്ന തരത്തില്‍ ആദരിക്കാന്‍ അദ്ദേഹം ഉദ്ബോധിപ്പിച്ചു.

മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും സൗദി അറേബ്യയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷനല്‍ ഡയലോഗ് സെന്‍ററും സംയുക്തമായി സംഘടിപ്പിച്ചതായിരുന്നു സമ്മേളനം. കത്തോലിക്ക ചര്‍ച്ചിന്‍െറ ‘കാരുണ്യവര്‍ഷം’ പരിപാടിയുടെ സമാപനം കുറിക്കുന്നതിന്‍െറ ഭാഗമായി സമ്മേളനത്തിനത്തെിയ മതനേതാക്കള്‍ക്ക് മാര്‍പാപ്പ പ്രത്യേക വിരുന്നു നല്‍കി. ഇറ്റലിയില്‍നിന്നുള്ള മുസ്ലിം പ്രതിനിധിയായി പ്രമുഖ ചിന്തകനും റോമിലെ തവാസുല്‍ യൂറോപ്പ് സെന്‍റര്‍ ഫോര്‍ ഡയലോഗിന്‍െറ കള്‍ചറല്‍ അഡൈ്വസറുമായ മലയാളിയായ സി.പി. അബ്ദുല്ലത്തീഫ് പങ്കെടുത്തു. സാമുദായിക സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനും ഇസ്ലാമോഫോബിയക്കും മത അസഹിഷ്ണുതക്കും എതിരായും ‘തവാസുല്‍’ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ ശ്ളാഘിച്ചു. പ്രമുഖ യൂറോപ്യന്‍ മുസ്ലിം തത്ത്വചിന്തകയും ‘തവാസുലി’ന്‍െറ സാരഥിയുമായ ഡോ. സെബ്രീന ലേയ്, ബൈബിള്‍ ഉദ്ധരണികളുമായി താരതമ്യം ചെയ്ത് തയാറാക്കിയ ഖുര്‍ആന്‍ പരിഭാഷയുടെ പ്രതി നേരത്തേ മാര്‍പാപ്പക്ക് സമ്മാനിച്ചിരുന്നു.

Tags:    
News Summary - pope francis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.