സ്റ്റോക്ഹോം: സൈനിക ശക്തി വർധിപ്പിക്കുന്നതിനായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. 2017ലെ കണക്കുകൾ പ്രകാരം സ്റ്റോക്ഹോം ഇന്‍റർനാഷണൽ പീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്.ഐ.പി.ആർ.പി) ആണ് വിശദാംശങ്ങൾ പുറത്തുവിട്ടത്. 63.9 ബില്യൻ യു.എസ് ഡോളർ (42,59,89,35,00,000.00 രൂപ) ആണ് 2017ൽ ഇന്ത്യ ചെലവഴിച്ചത്. 2016നെ താരതമ്യം ചെയ്യുമ്പോൾ 5.5 ശതമാനത്തിന്‍റെ വളർച്ചയാണിത്.
സൈനിക ചെലവിൽ ചൈനയാണ് ഇന്ത്യക്ക് മുമ്പിൽ. 228 ബില്യൻ യു.എസ് ഡോളറാണ് 2017ൽ ചൈന ചെലവഴിച്ചത്. 2016നെ താരതമ്യം ചെയ്യുമ്പോൾ 5.6 ശതമാനം (12 ബില്യൻ യു.എസ് ഡോളർ) വർധനവാണിത്. സൈനിക ശക്തി വർധിപ്പിക്കാൻ ഏഷ്യയിൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യമാണ് ചൈന.
അയൽ രാജ്യങ്ങളായ ഇന്ത്യക്കും ചൈനക്കും ഇടയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളാണ് സൈനിക ചെലവ് വർധിക്കാൻ ഇടയാക്കുന്നതെന്ന് എസ്.ഐ.പി.ആർ.പി അമെക്സ് പ്രൊഗ്രാം സീനിയർ റിസർച്ചർ സൈമൺ വെസ്മാൻ ചൂണ്ടിക്കാട്ടുന്നു.
2016-17 കാലയളവിൽ അമേരിക്ക 610 ബില്യൻ ഡോളറാണ് ചെലവഴിച്ചത്. സൗദി അറേബ്യയാണ് മൂന്നാം സ്ഥാനത്ത് (69.4 ബില്യൻ യു.എസ് ഡോളർ). എന്നാൽ, റഷ്യയുടെ സൈനിക ചെലവ് 66.3 ബില്യൻ ഡോളറായി കുറഞ്ഞിട്ടുണ്ട്. 2016നെ അപേക്ഷിച്ച് 20 ശതമാനം കുറവാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.