ബർലിൻ: ജോലി ചെയ്ത ആശുപത്രിയിലും ക്ലിനിക്കിലും ചികിത്സയിലായിരുന്ന 100 രോഗികളെ മരുന്ന് അമിതമായി കുത്തിവെച്ച് കൊലപ്പെടുത്തിയത് ബോറടി മാറ്റാനെന്ന് ജർമൻ നഴ്സ്. പരമ്പര കൊലയാളി നീൽസ് ഹോയ്ഗൽ ആണ് വിചാരണകോടതിയിൽ ഇരകളുടെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ചുമത്തിയ കുറ്റങ്ങൾ ശരിയാണോ എന്ന് ജഡ്ജി സെബാസ്റ്റ്യൻ ബ്യൂഹർമാൻ ചോദിച്ചപ്പോൾ ‘അതെ’ എന്നായിരുന്നു ഹോയ്ഗലിെൻറ നിർവികാരമായ മറുപടി. ‘അതെല്ലാം സംഭവിച്ചതാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പബ്ലിക് പ്രോസിക്യൂട്ടർ ഡാനിയേല ഷിയറക് ബോൽമാൻ കൊല്ലപ്പെട്ട ഒാരോ രോഗിയുടെയും പേരും പ്രതിക്കെതിരെ ചുമത്തിയ കുറ്റവും വായിച്ചപ്പോൾ ഹോയ്ഗൽ തലതാഴ്ത്തിനിന്ന് കേട്ടു.
ഒാൾഡൻബർഗിലെ ആശുപത്രിയിലും സമീപപ്രദേശമായ ഡെൽമൻഹോസ്റ്റിലെ ക്ലിനിക്കിലും നഴ്സായി ജോലി ചെയ്യവെ 2000ത്തിനും 2005നുമിടയിലാണ് പ്രതി കൊലപാതകങ്ങൾ നടത്തിയത്. ആശുപത്രിയിൽ 36ഉം ക്ലിനിക്കിൽ 64ഉം രോഗികളെ ഇയാൾ മരുന്ന് അമിതമായി കുത്തിവെച്ച് കൊന്നു എന്നാണ് കേസ്.
2005ൽ ഡോക്ടർമാർ നിർദേശിക്കാത്ത മരുന്ന് രോഗിയിൽ കുത്തിവെക്കുന്നതിനിടെയാണ് ഡെൽമൻഹോസ്റ്റിലെ ക്ലിനിക്കിൽനിന്ന് ഹോയ്ഗൽ പിടിയിലായത്. ഇൗ കേസിൽ 2008ൽ ഏഴു വർഷം തടവ് ശിക്ഷ ലഭിച്ചു. ഇതിനിടെയാണ് ഹോയ്ഗൽ ആശുപത്രിയിലും ക്ലിനിക്കിലും ജോലി ചെയ്ത കാലത്തെ 100ലധികം രോഗികളുടെ മരണം കൊലപാതകമാണെന്ന സംശയമുയർന്നതും അന്വേഷണം തുടങ്ങുന്നതും. 130ലധികം മൃതദേഹങ്ങൾ പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തിയതിനൊടുവിൽ 100 പേരുടെ കൊലപാതക കുറ്റം ഹോയ്ഗലിനുമേൽ ചുമത്തി.
200ലധികം മരണങ്ങൾക്ക് ഉത്തരവാദി ഹോയ്ഗലായിരിക്കാമെന്ന് കരുതുന്നുണ്ടെങ്കിലും പല മൃതദേഹങ്ങളും ദഹിപ്പിക്കെപ്പട്ടതിനാൽ ഇക്കാര്യം ഉറപ്പുവരുത്താനാവില്ലെന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു.
അതേസമയം, രോഗികളെ കൊല്ലുക ഹോയ്ഗലിെൻറ ലക്ഷ്യമായിരുന്നില്ലെന്നും അമിത മരുന്ന് കുത്തിവെച്ച് രോഗികളെ മരണത്തിെൻറ വക്കിലെത്തിച്ചശേഷം രക്ഷിക്കുകയെന്ന ‘സാഹസികത’ക്കുവേണ്ടിയാണ് അയാൾ ഇത് ചെയ്തതെന്നും ചില മനഃശാസ്ത്രജ്ഞർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.