ഭീകരവാദികൾ തുർക്കിയിൽ അസ്​ഥിരതയുണ്ടാക്കാൻ ശ്രമിക്കുന്നു –ഉർദുഗാൻ

ഇസ്​താംബൂൾ: ഭീകരവാദികൾ രാജ്യ​ത്ത്​ അസ്​ഥിരതയുണ്ടാക്കാൻ ശ്രമിക്കുന്നതായി തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ. നിശാക്ലബ്ബിലെ ഭീകരാക്രമണ പശ്​ചാത്തലത്തിൽ ഉർദുഗാ​ൻ പുറത്തുവിട്ട പ്രസ്​താവനയിലാണ്​ അ​ദ്ദേഹം ഇക്കാര്യം പറഞ്ഞത്​.

നിശാ​ക്ലബിലെ ആക്രമണത്തെ അപലപിച്ച ഉർദുഗാൻ ഭീകരത​യെയും അതിനെ പിന്തുണക്കുന്നവർക്കെതിരെയും അവസാനംവരെ പോരാട്ടം തുടരുമെന്നും വ്യക്​തമാക്കി. ഇത്തരം ഹീനമായ ആ​ക്രമണങ്ങൾ രാജ്യത്തെ സമാധാനത്തെയും സാധാരണക്കാരെയുമാണ്​ ലക്ഷ്യം വെക്കുന്നത്​. ഭീകരവാദികൾ തുർക്കിയുടെ മൂല്യങ്ങളെ നശിപ്പിക്കാനാണ്​ ശ്രമിക്കുന്നത്​.

ഞായറാഴ്​ച നിശാക്ലബിൽ സാന്താക്ലോസിൻറ വേഷത്തിലെത്തിയ അക്രമികൾ നടത്തിയ വെടിവെപ്പിൽ 39 പേരാണ്​ കൊല്ലപ്പെട്ടത്​. മരിച്ചവരിൽ 19 പേർ വിദേശികളാണ്​. 40ഒാളം പേർക്ക്​ പരിക്കേറ്റു.  ഒര്‍ട്ടാക്കോയ് മേഖലയിലെ റെയ്‌ന നിശാക്ലബ്ബിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ഓടെ ആക്രമണമുണ്ടായത്. സാന്താക്ലോസി​​െൻറ വേഷം ധരിച്ചെത്തിയ രണ്ടു പേർ ക്ലബ്ബിൽ കയറിയ ഉടൻ തുരുതുരാ വെടിയുതിർക്കുകയായിരുന്നു.

സംഭവ സമയത്ത് ക്ലബ്ബില്‍ എഴുനൂറോളം പേര്‍ ഉണ്ടായിരുന്നു. മരിച്ചവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. തീവ്രവാദി ആക്രമണമാണെന്നാണ് പ്രാഥമിക വിവരം. വെടിവെപ്പ് നടത്തിയ അക്രമിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പുതുവര്‍ഷം വരവേറ്റത് ഭീകരാക്രമണം

 ഇസ്തംബൂള്‍ ഭീകരാക്രമണം ലോക നഗരങ്ങളിലെ പുതുവര്‍ഷാഘോഷങ്ങളെ ഭീതിയുടെ കരിനിഴലിലാഴ്ത്തി. ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന ഭീതിയില്‍ ആഘോഷത്തിനത്തെിയവര്‍ പതിയെ പിന്‍വാങ്ങിത്തുടങ്ങി. ആക്രമണത്തെ തുടര്‍ന്ന് ലണ്ടനിലും പാരിസിലും സുരക്ഷ ശക്തമാക്കി.
കനത്ത സുരക്ഷസന്നാഹങ്ങളുടെ അകമ്പടിയില്‍ ന്യൂയോര്‍ക്കിലെ ടൈംസ് ചത്വരത്തില്‍ ദശലക്ഷം ആളുകളാണ് ആഘോഷത്തിനത്തെിയത്.

പുതുവര്‍ഷം ആഘോഷിക്കാന്‍ ഏറ്റവും മനോഹരമെന്ന് കരുതുന്ന ഒരിടമാണിത്. ക്രിസ്മസിനോടനുബന്ധിച്ച് ബര്‍ലിനില്‍ ട്രക്ക് ആക്രമണത്തെ തുടര്‍ന്നാണ് ന്യൂയോര്‍ക്കില്‍ 7,000ത്തിലേറെ പൊലീസുകാരെ വിന്യസിച്ചത്. ജനക്കൂട്ടത്തിനിടയിലേക്ക് വാഹനങ്ങള്‍ ഓടിക്കുന്നതും നിരോധിച്ചു. 2016 രക്തച്ചൊരിച്ചിലിന്‍െറ വര്‍ഷമായി  പൊതുവെ വിലയിരുത്തപ്പെട്ടപ്പോള്‍ പുതിയ വര്‍ഷത്തെ ഏറെ പ്രതീക്ഷയോടെയായിരുന്നു ലോകം വരവേറ്റത്. എന്നാല്‍, പ്രതീക്ഷകള്‍ക്കു മേല്‍ കനത്ത പ്രഹരം നല്‍കിയാണ് ആഘോഷവേളയില്‍ ഇസ്തംബൂളില്‍ ഭീകരാക്രമണമുണ്ടായത്. ലോകം പുതുവര്‍ഷപ്പുലരിയിലേക്ക് കാലെടുത്തുവെക്കും മുമ്പ് ബഗ്ദാദില്‍ ഇരട്ട സ്ഫോടനങ്ങളില്‍ 28 പേരുടെ ജീവന്‍ പൊലിഞ്ഞിരുന്നു. എന്നാല്‍, ആഘോഷത്തില്‍നിന്ന് ഇറാഖി ജനത പിന്തിരിഞ്ഞില്ളെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് പഴുതടച്ച സുരക്ഷയും ഒരുക്കിയിരുന്നു.

2016ല്‍ തുര്‍ക്കിയെ നടുക്കിയ ആക്രമണങ്ങള്‍

2016 ജനുവരി 12: ചാവേറാക്രമണത്തില്‍ 12 ജര്‍മന്‍ വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തിനു പിന്നില്‍ ഐ.എസ്.
ഫെബ്രുവരി 17: തലസ്ഥാന നഗരിയായ അങ്കാറയില്‍  സൈനികരെ ലക്ഷ്യംവെച്ച് നടന്ന കാര്‍ബോംബ് ആക്രമണത്തില്‍ 29 മരണം. കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി ഉത്തരവാദിത്തമേറ്റെടുത്തു.
മാര്‍ച്ച് 13: അങ്കാറയില്‍ കുര്‍ദ് വനിതാ ചാവേറുകള്‍ പൊട്ടിത്തെറിച്ച് 37 മരണം.
മാര്‍ച്ച് 31: ദിയര്‍ബകിറില്‍ കാര്‍ബോംബ് ആക്രമണത്തില്‍ 13 പൊലീസുകാരടക്കം 27 പേര്‍ കൊല്ലപ്പെട്ടു.
ജൂണ്‍ എട്ട്: കുര്‍ദിഷ് ചാവേറാക്രമണത്തില്‍ 23 മരണം.
ജൂണ്‍ 28: ഇസ്തംബൂളിലെ അത്താതുര്‍ക്ക് വിമാനത്താവളത്തില്‍ മൂന്ന് ചാവേറുകള്‍ പൊട്ടിത്തെറിച്ച് 44 പേരുടെ ജീവന്‍ പൊലിഞ്ഞു.
ജൂലൈ 15: പട്ടാള അട്ടിമറി ശ്രമത്തില്‍  270 പേര്‍ കൊല്ലപ്പെട്ടു.
ഡിസംബര്‍ 10: ഇസ്തംബൂളില്‍ ഇരട്ടബോംബ് സ്ഫോടനത്തില്‍ 44 പേര്‍ മരിച്ചു.
ഡിസംബര്‍ 19: റഷ്യന്‍ നയതന്ത്ര പ്രതിനിധി ആന്ദ്രേ കാര്‍ലോവ് വെടിയേറ്റു മരിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Tags:    
News Summary - Erdogan: Istanbul nightclub attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.