നഗ്നതാപ്രദര്‍ശനം ആരോപിച്ച് വിയറ്റ്നാം ആക്രമണചിത്രം ഫേസ്ബുക് നീക്കി

ഒസ്ലോ: വിയറ്റ്നാം ബോംബാക്രമണത്തിന്‍െറ ഭീകരത അടയാളപ്പെടുത്തിയ ഫോട്ടോ നഗ്നതാപ്രദര്‍ശനം ആരോപിച്ച് ഫേസ്ബുക് നീക്കി. ആക്രമണത്തെ തുടര്‍ന്ന് ഒമ്പതുവയസ്സുകാരി കിം ഫുക് വസ്ത്രമില്ലാതെ നിലവിളിച്ചോടുന്ന ചിത്രമാണ് ഫേസ്ബുക് നീക്കിയത്.

നോര്‍വേയിലെ ആഫെന്‍പോസ്റ്റണ്‍ പത്രമാണ് തങ്ങളുടെ പേജില്‍ ഒരു ലേഖനത്തോടൊപ്പം പ്രശസ്ത ചിത്രം പ്രസിദ്ധീകരിച്ചത്. തൊട്ടുപിന്നാലെ ഫേസ്ബുക് ഇത് നീക്കുകയായിരുന്നു. നഗ്നത പ്രദര്‍ശിപ്പിക്കുന്ന ചിത്രം നീക്കുകയാണെന്ന് ഫേസ്ബുക് പത്രത്തിനയച്ച ഇ-മെയിലില്‍ പറയുന്നു.

ഫേസ്ബുകിന്‍െറ നടപടി പത്രത്തെ ചൊടിപ്പിച്ചു. നഗ്നചിത്രവും പ്രശസ്ത യുദ്ധചിത്രവും വേര്‍തിരിച്ച് അറിയുന്നതിലെ ഫേസ്ബുക് അധിപന്‍ മാര്‍ക് സുക്കര്‍ബര്‍ഗിന്‍െറ കഴിവുകേടാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നതെന്ന് എഡിറ്റര്‍ എസ്പന്‍ ഇജില്‍ ഹാന്‍സന്‍ പത്രത്തിന്‍െറ മുഖപേജില്‍ പ്രസിദ്ധീകരിച്ച തുറന്ന കത്തില്‍ പരിഹസിച്ചു. ചിത്രം നീക്കാന്‍ തയാറല്ളെന്നും സുക്കര്‍ബര്‍ഗും കൂട്ടരും അമിതാധികാരപ്രയോഗം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നടപടിയില്‍  പ്രതിഷേധിച്ച് ചിത്രം നീക്കിയ പോസ്റ്റ് ആവര്‍ത്തിച്ച് പ്രസിദ്ധീകരിച്ചതിന്‍െറ പേരില്‍ എസ്പന്‍ ഹാന്‍സന്‍െറ പേജും ഫേസ്ബുക് ഒഴിവാക്കി.
വിയറ്റ്നാം ഫോട്ടോഗ്രാഫറായ നിക് ഉറ്റ് ആണ് യു.എസിന്‍െറ വിയറ്റ്നാം ബോംബാക്രമണത്തിന്‍െറ ഭീകരത വെളിപ്പെടുത്തുന്ന ചിത്രം പകര്‍ത്തിയത്. ചിത്രം 1973ല്‍ പുലിറ്റ്സര്‍ പുരസ്കാരത്തിന് നിക് ഉറ്റിനെ അര്‍ഹനാക്കിയിരുന്നു.
നടപടിക്കെതിരെ ഫേസ്ബുകില്‍തന്നെ ഹാഷ്ടാഗ് ഉപയോഗിച്ചുള്ള പ്രതിഷേധം ശക്തമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.