ഇല്ലിനോയിസിലെ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോയിൽ ഇസ്രായേൽ വിരുദ്ധ പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു

യു.എസ് കാമ്പസ് സമരം: തമ്പ് തകർത്തും അറസ്റ്റ് ചെയ്തും പൊളിക്കാൻ നീക്കം

വാഷിങ്ടൺ: അമേരിക്കയിലെ വിർജിനിയ സർവകലാശാലയിൽ ഫലസ്തീൻ അനുകൂല വിദ്യാർഥി പ്രക്ഷോഭകർ കാമ്പസിൽ കെട്ടിയ തമ്പുകൾ പൊലീസ് തകർത്തു. 25 വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. ചൊറിച്ചിൽ ഉണ്ടാക്കുന്ന രാസവസ്തു വിദ്യാർഥികളുടെ മേൽ തളിച്ചതായും ആരോപണമുണ്ട്. പ്രക്ഷോഭത്തിൽനിന്ന് പിന്നോട്ടില്ലെന്ന് വിദ്യാർഥികൾ പ്രതികരിച്ചു. മിഷിഗനിൽ ഇസ്രായേൽ വിരുദ്ധ കാമ്പസ് സമരക്കാർ ബിരുദദാന ചടങ്ങ് തടഞ്ഞു.

അതിനിടെ ഫലസ്തീൻ അനുകൂല പ്രക്ഷോഭകർക്ക് നേരെ വംശീയാധിക്ഷേപം നടത്തുന്നതായും പരാതിയുണ്ട്. ധാരാളം കറുത്ത വർഗക്കാർ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ രംഗത്തുണ്ട്. ഇവരെ കുരങ്ങിന്റെ ശബ്ദമുണ്ടാക്കിയും ചേഷ്ടകൾ കാട്ടിയും പരിഹസിക്കുന്നതായാണ് പരാതി.

പൊലീസിന് പുറമെ ഇസ്രായേൽ അനുകൂലികളാണ് ഒരു കൂട്ടവും വിദ്യാർഥി പ്രക്ഷോഭകരെ എതിരിടുന്നു. അമേരിക്കൻ പതാകയേന്തി ദേശീയ ഗാനവും പാടിയെത്തുന്ന ഇവർ വിദ്യാർഥികളെ കായികമായി നേരിടുന്നു. പൊലീസ് ഇവരുടെ കൈയേറ്റം കണ്ടില്ലെന്ന് നടിക്കുകയും സമാധാനപരമായി കാമ്പസുകളിൽ തമ്പുകെട്ടി താമസിച്ച് പ്രതിഷേധിക്കുന്ന ഫലസ്തീൻ അനുകൂലികൾക്ക് നേരെ നടപടി എടുക്കുകയുമാണ്.

അമേരിക്കയിലെ നൂറിലേറെ സർവകലാശാല കാമ്പസുകളിലാണ് ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭം നടക്കുന്നത്. യു.കെ, ആസ്ട്രേലിയ, കാനഡ, ഇറ്റലി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് സമരം വ്യാപിച്ചിട്ടുണ്ട്.

സർവകലാശാലകൾ ഇസ്രായേലുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽനിന്ന് നിക്ഷേപം പിൻവലിക്കണം, അക്കാദമിക സഹകരണം പാടില്ല, ഗസ്സയിലെ വംശഹത്യയെ അപലപിക്കണം, ഗസ്സ വിഷയത്തിൽ ഭരണകൂടത്തിന്റെ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് നേരെ നടപടി സ്വീകരിക്കരുത് തുടങ്ങിയവയാണ് വിദ്യാർഥി പ്രക്ഷോഭകരുടെ ആവശ്യം. പടരുന്ന പ്രതിഷേധം ഇസ്രായേലിനെ പിന്തുണക്കുന്ന ഭരണകൂടങ്ങളെ സമ്മർദത്തിലാക്കുന്നുണ്ട്.

Tags:    
News Summary - US campus strike: Move to dismantle thump and arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.