ലൈംഗികാരോപണം: ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എം.പി രാജിവെച്ചു

ലണ്ടൻ: ലൈംഗികാരോപണത്തെ തുടർന്ന് ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എം.പി രാജിവെച്ചു. 1987 മുതൽ ലീസെസ്റ്ററിൽ നിന്നുള്ള ലേബർ പാർട്ടി എം.പിയായ ജെയ്ത് വാസാണ് രാജിവെച്ചത്. ബ്രിട്ടീഷ് പൊതുസഭയുടെ ആഭ്യന്തര വകുപ്പ് സെലക്ട് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് നിന്നാണ് ജെയ്ത് വാസ് ഒഴിഞ്ഞത്. ജെയ്ത് വാസ് പുരുഷ ലൈംഗിക തൊഴിലാളികൾക്ക് പണം നൽകിയെന്ന വാർത്ത സൺഡെ മിററർ പത്രമാണ് പുറത്തുവിട്ടത്.

ആഗസ്റ്റിലെ ഒരു ദിവസം വൈകീട്ട് ലണ്ടനിലെ ഫ്ളാറ്റിലെത്തിയ രണ്ടു പുരുഷന്മാർക്ക് എം.പി പണം നൽകിയെന്നാണ് പത്രത്തിന്‍റെ വെളിപ്പെടുത്തൽ. കൂടാതെ ഇവരുമായി പോപ്പോഴ്സ് എന്ന മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ കുറിച്ച് ജെയ്ത് വാസ് സംസാരിച്ചെന്നും ക്ലാസ് എ വിഭാഗം മയക്കുമരുന്നിന് വേണ്ടി പണം വാഗ്ദാനം ചെയ്തെന്നുമാണ് ആരോപണം. ആരോപണം സാധൂകരിക്കുന്ന ചിത്രങ്ങളും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വ്യക്തിപരമായ ആക്ഷേപമാണ് പത്രം നടത്തിയിട്ടുള്ളതെന്ന് ജെയ്ത് വാസ് പറഞ്ഞു. ആരോപണ വിധേയമായ സാഹചര്യത്തിൽ സമിതിയുടെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറിനിൽക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

59കാരനും രണ്ടു കുട്ടികളുടെ പിതാവുമായ ജെയ്ത് വാസ് ഗോവൻ ദമ്പതികളുടെ മകനായി യെമനിലെ ഏദനിലാണ് ജനിച്ചത്. 2007 മുതൽ  ആഭ്യന്തര വകുപ്പ് സമിതി അധ്യക്ഷ സ്ഥാനം വഹിച്ചു വരികയായിരുന്നു അദ്ദേഹം. ടോണി ബ്ലെയർ മന്ത്രിസഭയിൽ അംഗമായിരുന്നു. വാൽസാൽ സൗത്ത് എം.പിയായ വലേറി സഹോദരിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.