കരുതിയിരിക്കുക; സിക അടുത്തുണ്ട്

ലണ്ടന്‍: ബ്രസീല്‍ ഉള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സിക വൈറസ് ബാധ ലോകത്തിന്‍െറ ഇതര ഭാഗങ്ങളിലേക്കും എളുപ്പത്തില്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഏറെയെന്ന് പഠനം. ഏഷ്യയിലും ആഫ്രിക്കയിലുമായി 200 കോടിയിലധികം ആളുകള്‍ സിക ഭീഷണിയിലെന്ന് ‘ദ ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ്’ ജേണലില്‍ ഒരു സംഘം ഗവേഷകര്‍ എഴുതിയ പ്രബന്ധം വ്യക്തമാക്കുന്നു. ലണ്ടന്‍ സ്കൂള്‍ ഹൈജീന്‍ ആന്‍ഡ് ട്രോപിക്കല്‍ മെഡിസിന്‍സ്, ഓക്സ്ഫഡ് സര്‍വകലാശാല, കാനഡയിലെ യൂനിവേഴ്സിറ്റി ടൊറന്‍േറാ എന്നിവിടങ്ങളിലെ ഗവേഷകരാണ് പ്രബന്ധം തയാറാക്കിയത്.

ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ്, നൈജീരിയ, ചൈന തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലേക്കും സിക വൈറസ് കടന്നുകയറാനുള്ള സാധ്യതയേറെയാണെന്ന് ലേഖനത്തിലുണ്ട്. സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലും ഏതാനും ആഫ്രിക്കന്‍ രാജ്യങ്ങളിലും സിക ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് ഈ പഠനം. സിക കൂടുതലായി കണ്ടത്തെിയ ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്ന് ഏഷ്യ, ആഫ്രിക്ക മേഖലകളിലേക്ക് യാത്രചെയ്തവരുടെ സ്ഥിതിവിവരക്കണക്ക്, ഈ രാജ്യങ്ങളില്‍ വൈറസ് കടന്നിരിക്കാന്‍ സാധ്യതയുള്ള കൊതുകുകളുടെ സാന്ദ്രത, കാലാവസ്ഥ തുടങ്ങിയ ഘടകങ്ങള്‍ മുന്നില്‍വെച്ചാണ് രോഗബാധക്കുള്ള സാധ്യത ഗവേഷകര്‍ വിലയിരുത്തിയത്.

ഈ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഫിലിപ്പീന്‍സ്, വിയറ്റ്നാം, പാകിസ്താന്‍, ബംഗ്ളാദേശ് എന്നീ ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് വൈറസ് എളുപ്പത്തില്‍ കടക്കാന്‍ സാധ്യതയത്രെ. മേല്‍സൂചിപ്പിച്ച ഘടകങ്ങള്‍ക്കു പുറമെ, ഈ രാജ്യങ്ങളിലെ വളരെ പരിമിതമായ ചികിത്സാസംവിധാനങ്ങള്‍കൂടി പരിഗണിച്ചാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലത്തെിയത്. ഇന്ത്യയുടെ കാര്യവും അത്ര സുരക്ഷിതമല്ല. ജനസാന്ദ്രത കൂടിയ മേഖലകളില്‍ വൈറസ് എത്തിയാല്‍ അവ വേഗത്തില്‍ പടരാന്‍ സാധ്യതയുണ്ട്. പാകിസ്താനിലും ബംഗ്ളാദേശിലും രോഗം സ്ഥിരീകരിച്ചാലും അത് ഇന്ത്യയെയും ബാധിക്കുമെന്നും പഠനത്തിലുണ്ട്.

ഇതിനകം, 65 രാജ്യങ്ങളില്‍ സിക വൈറസിന്‍െറ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ലാറ്റിനമേരിക്ക കഴിഞ്ഞാല്‍ ആഫ്രിക്കയിലാണ് ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്തത്. അടുത്തിടെ ഏഷ്യന്‍ രാജ്യങ്ങളിലേക്കും പടര്‍ന്നു. ആദ്യം സിംഗപൂരിലാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച മലേഷ്യയിലും രോഗബാധിതയായ ഗര്‍ഭിണിയെ തിരിച്ചറിഞ്ഞു. കൊതുകിലൂടെ പകരുന്ന വൈറസിനെ ആദ്യമായി സ്ഥിരീകരിച്ചത് കഴിഞ്ഞ വര്‍ഷം ബ്രസീലിലായിരുന്നു. ചെറിയ തലയോടുകൂടി ജനിച്ച കുഞ്ഞുങ്ങളെ പരിശോധിച്ചപ്പോഴാണ് അവരുടെ അമ്മമാര്‍ക്ക് വൈറസ് ബാധയേറ്റതായി മനസ്സിലായത്. അതേസമയം, വൈറസിനെക്കുറിച്ച് ഇനിയും വൈദ്യശാസ്ത്രത്തിന് വേണ്ടത്ര ധാരണ ലഭിച്ചിട്ടില്ല. അവ എങ്ങനെ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നുവെന്നും കൃത്യമായി മനസ്സിലായിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.