അമ്മയും മകനും പിറന്നത് ഒരേ ഗര്‍ഭപാത്രത്തില്‍നിന്ന്


സ്റ്റോക്ഹോം: എമിലി എറിക്സണിന് തന്‍െറ മകന്‍ ആല്‍ബിനോടുള്ളത് മകനോടുള്ള വാത്സല്യത്തിനപ്പുറമുള്ള വികാരമാണ്. ഒമ്പത് മാസം താന്‍ കിടന്ന അതേ ഗര്‍ഭപാത്രത്തില്‍ കിടന്ന് വളര്‍ന്നവനോടുള്ള കരുതലും സ്നേഹവും കൂടിയാണ് അത്.  53കാരിയായ അമ്മ മേരി എറിക്സണില്‍നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലാണ് എമിലിയുടെ മകന്‍ ആല്‍ബിന്‍ പിറന്നത്. ലോകചരിത്രത്തില്‍ അമ്മയില്‍നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍നിന്നും കുഞ്ഞുണ്ടാകുന്ന ആദ്യ വ്യക്തിയാണ് എമിലി എറിക്സണ്‍.

സ്വീഡിഷ് ഡോക്ടറായ മാറ്റ്സ് ബ്രാന്‍സ്റ്റോമാണ് ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ചെയ്തത്. ഇത്തരത്തില്‍ അഞ്ച് ശസ്ത്രക്രിയകള്‍ ബ്രാന്‍സ്റ്റോം ചെയ്തിട്ടുണ്ടെങ്കിലും അമ്മയുടെ ഗര്‍ഭപാത്രം മകളിലേക്ക് മാറ്റിവെക്കുന്നത് ആദ്യമായാണ്.
15ാമത്തെ വയസ്സിലാണ് തനിക്ക് ഗര്‍ഭപാത്രമില്ളെന്ന് എമിലി തിരിച്ചറിഞ്ഞത്. ഗര്‍ഭപാത്രമില്ലാതെയാണ് ജനിച്ചതെന്നും ഒരിക്കലും അമ്മയാവാന്‍ കഴിയില്ളെന്നും എമിലിയെ പരിശോധിച്ച ഡോക്ടര്‍ അറിയിച്ചിരുന്നു. വിവാഹശേഷം കുഞ്ഞ് വേണമെന്ന് മോഹം തോന്നിയ എമിലി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയെക്കുറിച്ച് വിശദമായി പഠിച്ചു. അമ്മ മേരിയോട് ഇക്കാര്യം വ്യക്തമാക്കിയപ്പോള്‍ തന്‍െറ ഗര്‍ഭപാത്രം മാറ്റിവെക്കാമെന്ന് അവര്‍ അറിയിക്കുകയായിരുന്നു.

എമിലിയുടെ ഭര്‍ത്താവ് ഡാനിയല്‍ ക്രിസോങ്ങിനും പൂര്‍ണസമ്മതം. ഇതോടെ ഡോ. മാറ്റ്സ് ബ്രാസ്റ്റോം ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഒരു വര്‍ഷത്തിനുശേഷം ഐ.വി.എഫിലൂടെ സൃഷ്ടിച്ച ഭ്രൂണം എമിലിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. ഗര്‍ഭപാത്രത്തില്‍ ഭ്രൂണം നിക്ഷേപിച്ച ശേഷം നടത്തിയ ആദ്യ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. ഒരാഴ്ചക്കു ശേഷം വീണ്ടും പരിശോധിച്ചപ്പോള്‍ പോസ്റ്റിവ് റിസല്‍ട്ട് ലഭിച്ചു.
പൂര്‍ണ ആരോഗ്യവാനായി പിറന്ന ആല്‍ബിന് ഇപ്പോള്‍ രണ്ട് വയസ്സുണ്ട്. തന്‍െറ കെട്ടുകഥപോലുള്ള ജീവിതം മറ്റുള്ളവര്‍ക്കും ആത്മവിശ്വാസം പകരുമെന്നതിനാലാണ് ഇക്കാര്യം പങ്കുവെക്കുന്നതെന്ന് എമിലി എറിക്സണ്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.