ബ്രസല്‍സില്‍ ഈസ്റ്റര്‍ദിന റാലി റദ്ദാക്കി

ബ്രസല്‍സ്: സമാധാനത്തിന്‍െറ സന്ദേശവുമായി ഈസ്റ്റര്‍ ദിനത്തില്‍ നടത്താനിരുന്ന റാലി സുരക്ഷാകാരണങ്ങളെ തുടര്‍ന്ന് റദ്ദാക്കി. ഞായറാഴ്ച രാവിലെ മുതല്‍ ബ്രസല്‍സിലുടനീളം 13 റെയ്ഡുകള്‍ നടത്തിയതായി അന്വേഷണസംഘം അറിയിച്ചു. ആക്രമണത്തില്‍ പങ്കുണ്ടെന്നു സംശയിച്ച് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാവെന്‍റം വിമാനത്താവളത്തിലെയും മോളെന്‍ബീക് മെട്രോ സ്റ്റേഷനിലെയും ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയി ഒൗദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തേ 31 പേര്‍ മരിച്ചെന്നാണ് അറിയിച്ചിരുന്നത്. അതില്‍ 14 പേര്‍ കൊല്ലപ്പെട്ടത് വിമാനത്താവളത്തിലും 10 പേര്‍ മെട്രോ സ്റ്റേഷനിലുമാണ്. മരിച്ചവരില്‍ 13 ബെല്‍ജിയം സ്വദേശികളും 11 പേര്‍ മറ്റുരാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ആക്രമണത്തില്‍ 19 രാജ്യങ്ങളില്‍നിന്നുള്ള 340 പേര്‍ക്ക് പരിക്കേറ്റു. 101 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ കഴിയുകയാണ്. അതില്‍ 62 പേരുടെ നില അതീവഗുരുതരമാണ്. പകുതിയിലേറെപേര്‍ക്കും മാരകമായി പൊള്ളലേറ്റിട്ടുണ്ട്. അതേസമയം, മരണസംഖ്യ ഉയരാനിടയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ, തലസ്ഥാനനഗരിയിലെ ദെല ബ്യൂയസില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച്  ആയിരക്കണക്കിനു പേര്‍ അണിചേര്‍ന്ന റാലി സംഘര്‍ഷഭരിതമായി.   പ്രത്യേക അനുമതിയില്ലാതെ സംഘടിപ്പിച്ച റാലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടും ജനം കൂട്ടാക്കതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇത്രയധികം പേര്‍ക്ക് സുരക്ഷയൊരുക്കാന്‍  കഴിയില്ളെന്ന് ചൂണ്ടിക്കാട്ടിയാണ്  റാലി ഉപേക്ഷിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടത്.
ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രാമുഖ്യം. ജനങ്ങള്‍ കൂടിനില്‍ക്കുന്നത് ഈ സാഹചര്യത്തില്‍ ഭൂഷണമല്ല. അന്വേഷണത്തില്‍ സഹകരിക്കണമെന്നും ബ്രസല്‍സ് മേയര്‍ യുവാന്‍ മയൂര്‍ ആവശ്യപ്പെട്ടു. ആക്രമണത്തെ തുടര്‍ന്ന് രാജ്യത്ത് സുരക്ഷയൊരുക്കുന്നതില്‍ പരാജയപ്പെട്ടെന്ന് സര്‍ക്കാര്‍ വിമര്‍ശം നേരിടുകയാണ്. ഭീകരാക്രമണമുണ്ടാവുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും സര്‍ക്കാര്‍ അവഗണിച്ചെന്നാണ് പ്രധാന ആക്ഷേപം. സംഭവത്തിന്‍െറ ഉത്തരവാദിത്തമേറ്റെടുത്ത് രണ്ടു മന്ത്രിമാര്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു.
വ്യാഴാഴ്ച അറസ്റ്റിലായത് ഫൈസല്‍ ഷെഫൂ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആക്രമണം നടത്തിയ മൂന്നാമത്തെ ചാവേറാണിതെന്നാണ് പൊലീസ് കരുതുന്നത്. സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യത്തില്‍ മൂന്നാമത്തെ ചാവേര്‍ കറുത്തനിറത്തിലുള്ള തൊപ്പിയും ഇളം നിറത്തിലുള്ള ജാക്കറ്റും ധരിച്ചിരുന്നു. ആക്രമണത്തിനുശേഷം ഇയാള്‍ ഓടിരക്ഷപ്പെട്ടു. ടാക്സിയിലായിരുന്നു മൂന്നു ഭീകരരും വിമാനത്താവളത്തിലത്തെിയത്. ഇവരെ വിമാനത്താവളത്തിലത്തെിച്ച ടാക്സി ഡ്രൈവറാണ് ഫൈസലിനെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്. വിമാനത്താവളത്തിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യത്തില്‍നിന്നും മൂന്നാമത്തെ ചാവേറാണെന്ന നിഗമനത്തിലാണ് പൊലീസ്.
അതിനിടെ, പാരിസില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടയാളെന്നു സംശയിച്ച് ശനിയാഴ്ച അറസ്റ്റ്ചെയ്തത് ബെല്‍ജിയം സ്വദേശിയായ റബാഹ് ആണെന്ന് അന്വേഷണസംഘം അറിയിച്ചു. ആക്രമണശ്രമം പൊലീസ് പരാജയപ്പെടുത്തിയിരുന്നു. പാരിസ് ഭീകരര്‍ തന്നെയാണ് ബെല്‍ജിയം ആക്രമണത്തിനു പിന്നിലുമെന്നാണ് പൊലീസിന്‍െറ ഉറച്ച നിഗമനം. സാവെന്‍റം വിമാനത്താവളവും മെട്രോ സ്റ്റേഷനുമല്ല, ബ്രസല്‍സിലെ ആണവനിലയമാണ് ഭീകരരുടെ യഥാര്‍ഥ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ബ്രസല്‍സ് ആക്രമണത്തിനുമുമ്പ് ആണവനിലയത്തിലെ സുരക്ഷാ ഗാര്‍ഡ് വെടിയേറ്റു മരിച്ചിരുന്നു. ഇയാളുടെ ബാഡ്ജും കാണാതായി.
നേരത്തേ പാരിസ് ഭീകരാക്രമണത്തിനുശേഷം നടന്ന അന്വേഷണങ്ങളില്‍ ബ്രസല്‍സിലെ ആണവനിലയത്തെ കുറിച്ചുള്ള ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.