ബ്രസല്‍സ്: പിടിയിലായത് മൂന്നാമത്തെ ചാവേര്‍

ബ്രസല്‍സ്: ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് പിടികൂടിയയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും പ്രതിയെ തിരിച്ചറിഞ്ഞതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പിടിയിലായത്  ഫൈകല്‍ ഷെഫൂ ആണെന്ന് ബെല്‍ജിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാവെന്‍റം വിമാനത്താവളം ആക്രമിച്ച മൂന്നാമത്തെ ചാവേറാണ് ഇയാളെന്നും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിനുശേഷം ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥിരീകരണത്തിനായി പൊലീസ് ഡി.എന്‍.എ ഫലത്തിന് കാത്തിരിക്കുകയാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ചാവേറുകളെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. അക്രമികളെ വിമാനത്താവളത്തിലത്തെിച്ച ടാക്സി ഡ്രൈവറാണ് ഇയാളെ തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച ബ്രസല്‍സിലെ ഷെയര്‍ബീകില്‍ നടത്തിയ തെരച്ചിലിനിടെയാണ് ഫൈകലിനെ പിടികൂടിയത്. ഇയാളുടെ വീട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളോ ആയുധങ്ങളോ കണ്ടത്തെിയില്ല.

ബ്രസല്‍സ്: രക്ഷപ്പെട്ടയാള്‍ ഭീകരരുടെ ‘സ്ഥിരം  ഇര’
വാഷിങ്ടണ്‍: ബ്രസല്‍സ് സ്ഫോടനത്തില്‍നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട അമേരിക്കക്കാരനായ യുവ മിഷനറി മുമ്പ് രണ്ടുതവണ ഭീകരാക്രമണങ്ങളില്‍ സമാനരീതിയില്‍ രക്ഷപ്പെട്ടയാളെന്ന് വെളിപ്പെടുത്തല്‍. അമേരിക്കന്‍ സംസ്ഥാനമായ യൂട്ടായില്‍നിന്നത്തെിയ മേസണ്‍ വെല്‍സാണ് മൂന്നു ഭീകരാക്രമണങ്ങളില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. 2013 ഏപ്രില്‍ 15 ന് അമേരിക്കയില്‍ നടന്ന ബോസ്റ്റണ്‍ മാരത്തണിനിടെയുണ്ടായ ഇരട്ട സ്ഫോടനം, 2015 നവംബര്‍ 13ന് ഫ്രാന്‍സ് തലസ്ഥാനമായ പാരിസില്‍ നടന്ന ആക്രമണ പരമ്പര എന്നിവയിലാണ് നേരത്തേ മേസണ്‍ വെല്‍സണ്‍ ഇരയായത്.
ബ്രസല്‍സ് ഭീകരാക്രമണ സമയത്ത് എയര്‍പോര്‍ട്ടില്‍ ഡെല്‍റ്റ ചെക് ഇന്‍ കൗണ്ടറിനരികെ നില്‍ക്കുമ്പോഴായിരുന്നു ആദ്യ സ്ഫോടനം നടന്നതെന്ന് വെല്‍സണ്‍ പറഞ്ഞു. മൂന്നുവര്‍ഷം മുമ്പ് ബോസ്റ്റണ്‍ മാരത്തണ്‍ സ്ഫോടന സമയത്ത് ഫിനിഷിങ് ലൈനിന് സമീപത്തുകൂടി നടന്നുപോകുമ്പോഴായിരുന്നു ഇരട്ട സ്ഫോടനം നടന്നത്. സ്ഫോടനത്തിലെ പരിക്കുകള്‍ സുഖപ്പെട്ടതിനുശേഷം കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ എത്തിയപ്പോഴായിരുന്നു അവിടെയും സ്ഫോടന പരമ്പരയുണ്ടായത്.

ചൊവ്വാഴ്ച വരെ സാവെന്‍റം വിമാനത്താവളം തുറക്കില്ല
ബ്രസല്‍സ്: ഭീകരാക്രമണവേദിയായ സാവെന്‍റം വിമാനത്താവളം ചൊവ്വാഴ്ച വരെ തുറക്കില്ളെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനത്താവളത്തില്‍ പുതിയ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പുതിയ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വെളിപ്പെടുത്താന്‍ അധികൃതര്‍ വിസമ്മതിച്ചു. വിമാനത്താവളത്തിലെ സുരക്ഷാപാളിച്ചയാണ് ഭീകരര്‍ക്ക് ആക്രമണം നടത്താന്‍ സൗകര്യമൊരുക്കിയതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
യാത്രക്കാരെ പരിശോധിക്കുന്നതിനുള്ള സംവിധാനം ഇവിടെയുണ്ടായിരുന്നില്ല.

സലാഹ് അന്വേഷണവുമായി സഹകരിക്കുന്നില്ളെന്ന് പൊലീസ്
ബ്രസല്‍സ്: ബ്രസല്‍സ് ആക്രമണത്തെക്കുറിച്ചുള്ള പ്രോസിക്യൂട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിപറയാന്‍ സലാഹ് അബ്ദുസ്സലാം വിസമ്മതിച്ചു. കഴിഞ്ഞയാഴ്ച അറസ്റ്റിലായ സലാഹ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. ബ്രസല്‍സ് ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്കുമുമ്പാണ് സലാഹിന്‍െറ അറസ്റ്റ്. ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 12 പേരെ മൂന്നു രാജ്യങ്ങളില്‍നിന്നായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബെല്‍ജിയത്തില്‍നിന്ന് ആറുപേരെ വ്യാഴാഴ്ചയും മൂന്നുപേരെ വെള്ളിയാഴ്ചയുമാണ് അറസ്റ്റ് ചെയ്തത്. രണ്ടുപേരെ ജര്‍മനിയില്‍നിന്നും ഒരാളെ പാരിസില്‍നിന്നും പിടികൂടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.