അങ്കാറ സ്ഫോടനം: മരണം 37; ഭീകരതക്കെതിരെ യുദ്ധമെന്ന് ഉര്‍ദുഗാന്‍

അങ്കാറ: തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ ഞായറാഴ്ച വൈകീട്ടുണ്ടായ ഉഗ്രസ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. ആക്രമണത്തിനു പിന്നില്‍ നിരോധിത സംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പി.കെ.കെ) ആണെന്ന സൂചനകളെ തുടര്‍ന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള പാര്‍ട്ടി താവളങ്ങളില്‍ തുര്‍ക്കി വ്യോമാക്രമണം തുടങ്ങി. ഭീകരതക്കെതിരെ പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ യുദ്ധപ്രഖ്യാപനം നടത്തിയതിനു പിന്നാലെയായിരുന്നു കനത്ത ബോംബിങ്.
തെക്കുകിഴക്കന്‍ നഗരമായ സാന്‍ലിഫൂറയില്‍നിന്ന് നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഫോടനത്തിനുപയോഗിച്ച കാര്‍ ഇവിടെ ഒരു ഷോറൂമില്‍നിന്നാണ് എത്തിച്ചതെന്ന വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. സ്ഫോടനം നടത്തിയവരില്‍ ഒരാള്‍ പി.കെ.കെ അനുഭാവിയായ വനിതയാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. അങ്കാറയിലെ പ്രധാന വ്യാപാരകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന കിസിലായിക്കു സമീപം ഞായറാഴ്ച രാത്രിയോടെ കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രസിദ്ധമായ ഗുവന്‍ പാര്‍ക്കിലേക്കുള്ള ബസ്കാത്തിരിപ്പുകേന്ദ്രത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ പലതും പൂര്‍ണമായും അഗ്നിക്കിരയായി.
ഭരണസിരാകേന്ദ്രം ലക്ഷ്യമിട്ട് പി.കെ.കെ അടുത്തിടെ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. മൂന്നാഴ്ച മുമ്പ് അങ്കാറയില്‍ സൈനികരുമായി പോയ ബസിനുനേരെയുണ്ടായ ചാവേറാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ രണ്ട് കുര്‍ദ് പട്ടണങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നിയന്ത്രണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനമുണ്ട്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.