അഭയാര്‍ഥി പ്രതിസന്ധി: ബ്രസല്‍സ് ഉച്ചകോടിയില്‍ ഭിന്നത

ബ്രസല്‍സ്: യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അഭയാര്‍ഥി പ്രവാഹം സംബന്ധിച്ച് ബ്രസല്‍സില്‍ നടക്കുന്ന ഉച്ചകോടിയുടെ ആദ്യദിനംതന്നെ കല്ലുകടി. ഉത്തരാഫ്രിക്കയില്‍നിന്നും പശ്ചിമേഷ്യയില്‍നിന്നുമുള്ള അഭയാര്‍ഥികള്‍ യൂറോപ്പിലേക്ക് കടക്കാന്‍ ഉപയോഗിച്ച ബാള്‍ക്കന്‍ പാത അടച്ചതുസംബന്ധിച്ച് യൂനിയനില്‍ നിലനില്‍ക്കുന്ന ഭിന്നത മറനീക്കി പുറത്തുവന്നു. അഭയാര്‍ഥികളെ തുര്‍ക്കിയില്‍തന്നെ പാര്‍പ്പിക്കാനുള്ള യൂറോപ്യന്‍ യൂനിയന്‍ നീക്കവും പാളിയതോടെ ഉച്ചകോടിയില്‍ അനിശ്ചിതത്വം നിഴലിച്ചു.
തുര്‍ക്കിയില്‍നിന്ന് ഈജിയന്‍ കടല്‍ കടന്ന് ഗ്രീസിലും തുടര്‍ന്ന്  മറ്റു രാജ്യങ്ങളിലേക്കുമത്തെുന്ന അഭയാര്‍ഥികളാണ് യൂറോപ്യന്‍ യൂനിയനെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്. ഗ്രീസിന്‍െറ അയല്‍രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തി അടച്ചതോടെ 35,000ഓളം അഭയാര്‍ഥികള്‍ ഇവിടെ കുടുങ്ങിയിരിക്കുകയാണ്. ഇതിനുപുറമെ, പ്രതിദിനം കടല്‍ കടന്ന് 1000 അഭയാര്‍ഥികള്‍ പുതുതായി വരുകയും ചെയ്യുന്നുണ്ട്. ഇതിനുപരിഹാരമായി അഭയാര്‍ഥികളെ തുര്‍ക്കിയിലേക്കുതന്നെ മടക്കി അയക്കുകയെന്നതാണ് യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശം. ഇതിനായി 300 കോടി യൂറോയാണ് യൂനിയന്‍ തുര്‍ക്കിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍, ഇതിനകം 800 കോടി യൂറോ ഈയിനത്തില്‍ തങ്ങള്‍ക്ക് ചെലവായെന്ന് ബ്രസല്‍സില്‍ തുര്‍ക്കി പ്രധാനമന്ത്രി അഹമ്മദ് ദാവൂദ് ഒഗ്ലു വ്യക്തമാക്കി.
കൂടാതെ, അഭയാര്‍ഥികളെ സ്വീകരിക്കാന്‍ കൂടുതല്‍ ഉപാധികളും അദ്ദേഹം മുന്നോട്ടുവെച്ചു. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലേക്കുള്ള വിസ, യൂനിയന്‍ അംഗത്വം തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും.   
ബാല്‍ക്കന്‍ പാത അടച്ചതുസംബന്ധിച്ചും യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. അഭയാര്‍ഥി പ്രവാഹത്തിന് അറുതിവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബാല്‍ക്കന്‍ പാത അടച്ചതെന്ന യൂനിയന്‍ നേതാക്കളുടെ പ്രസ്താവനക്കെതിരെ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലാണ് രംഗത്തത്തെിയത്. ബാല്‍ക്കന്‍ പാത അടച്ചിട്ടും ജര്‍മനിയിലേക്ക് അഭയാര്‍ഥികള്‍ ഒഴുകുകയാണെന്ന് അവര്‍ പറഞ്ഞു.  
അതേസമയം, അഭയാര്‍ഥികളെ യൂറോപ്പില്‍നിന്ന് പുറത്താക്കാനുള്ള നീക്കമാണ് ബ്രസല്‍സില്‍ നടക്കുന്നതെന്ന വിമര്‍ശവുമുയര്‍ന്നു. യൂറോപ്യന്‍ യൂനിയന്‍ തങ്ങളുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.