സിറിയ: കുര്‍ദ് മേഖലകളില്‍ തുര്‍ക്കിയുടെ ഷെല്ലാക്രമണം

അങ്കാറ: കുര്‍ദ് വിമതരുടെ കേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ച് വടക്കന്‍ സിറിയയില്‍ തുര്‍ക്കി സൈന്യത്തിന്‍െറ ഷെല്ലാക്രമണം തുടരുന്നു. അലപ്പോയിലെ വടക്കന്‍ മേഖലകളില്‍നിന്ന് പിന്മാറണമെന്ന് തുര്‍ക്കി പീപ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റിനോടും (വൈ.പി.ജി) സിറിയന്‍ ഡെമോക്രാറ്റിക് യൂനിയന്‍ പാര്‍ട്ടിയോടും (പി.വൈ.ഡി) ആവശ്യപ്പെട്ടു. ഐ.എസിനെതിരായ പോരാട്ടത്തില്‍ യു.എസ് സഖ്യകക്ഷികളില്‍ അംഗമാണ് പി.വൈ.ഡി.
അക് പാര്‍ട്ടിയുമായി 30 വര്‍ഷമായി പോരാട്ടംതുടരുന്ന കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ സിറിയന്‍ വിങ്ങാണ് പി.വൈ.ഡി എന്നാണ് തുര്‍ക്കി കരുതുന്നത്. ഞായറാഴ്ചത്തെ ആക്രമണത്തില്‍ രണ്ടു വിമതര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ സൗദിയും തുര്‍ക്കിയും കരമാര്‍ഗം ഇടപെടാനുള്ള സാധ്യത തള്ളിക്കളയുന്നില്ളെന്ന് പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ് വ്യക്തമാക്കി. അതിനെ നേരിടാനുള്ള സൈനിക മുന്നൊരുക്കങ്ങള്‍ നടത്തുണ്ട്. ജനീവയില്‍ പ്രതിപക്ഷവുമായി നടത്തുന്ന സമാധാനചര്‍ച്ചകള്‍ക്ക് ഭീകരതക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിച്ചു എന്നര്‍ഥമില്ല. സിറിയയില്‍ പരിഹാരത്തിന് രണ്ടു മാര്‍ഗങ്ങളാണ് പ്രധാനം. സമാധാനചര്‍ച്ചകളും ഭീകരതയെ തകര്‍ക്കലും. ആദ്യത്തേതില്‍നിന്ന് തികച്ചും വിഭിന്നമാണ് രണ്ടാമത്തേത് എന്നും ബശ്ശാര്‍ സൂചിപ്പിച്ചു.
അതിനിടെ, സിറിയയില്‍ ഐ.എസിനെതിരായ പോരാട്ടത്തിന് നാറ്റോ അംഗരാജ്യമായ തുര്‍ക്കി വ്യോമതാവളത്തിലേക്ക് യുദ്ധവിമാനം അയച്ചതായി സൗദി സ്ഥിരീകരിച്ചു. ഐ.എസിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുന്നതിന് സൗദി പ്രതിജ്ഞാബദ്ധമാണെന്നും അതിന്‍െറ ഭാഗമായാണ് നടപടിയെന്നും സൗദി പ്രതിരോധമന്ത്രിയുടെ ഉപദേഷ്ടാവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അല്‍ അസിരി പറഞ്ഞു. തുര്‍ക്കിയിലെ ഇന്‍സിര്‍ലിക് വ്യോമതാവളത്തിലേക്ക് ഏതാനും യുദ്ധവിമാനങ്ങള്‍മാത്രമേ അയച്ചിട്ടുള്ളൂവെന്നും  കരസേനയെ അയച്ചിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.എസിനെതിരെ പോരാട്ടം ശക്തമാക്കാനുള്ള സൗദിയുടെ തീരുമാനത്തെ യു.എസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ സ്വാഗതം ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.