റഷ്യന്‍ പാത്രിയാര്‍ക്കീസുമായി മാര്‍പാപ്പയുടെ ചരിത്ര കൂടിക്കാഴ്ച

വത്തിക്കാന്‍: ആയിരം വര്‍ഷങ്ങളായി റോമന്‍ കത്തോലിക്ക സഭയും റഷ്യന്‍ സഭയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കാന്‍ പോപ് ഫ്രാന്‍സിസ് വത്തിക്കാനില്‍നിന്നും പുറപ്പെട്ടു. റഷ്യന്‍ ഓര്‍ത്തോഡക്സ് സഭാ പാത്രിയാര്‍ക്കീസ് കിറിലുമായുള്ള കൂടിക്കാഴ്ചയാണ് ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ ജോസ് മാര്‍ട്ടി അന്താരാഷ്ട്ര വിമാന താവളത്തില്‍വെച്ചാണ് കൂടിക്കാഴ്ച നടക്കുക. പാത്രിയാര്‍ക്കീസ് കിറില്‍ വ്യാഴാഴ്ചതന്നെ ക്യൂബയില്‍ എത്തിയിരുന്നു. ക്യൂബന്‍ പ്രസിഡന്‍റ് റൗള്‍ കാസ്ട്രോ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.
ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ക്കിടയില്‍ ഏറ്റവും ശക്തമായ വിഭാഗമാണ് റഷ്യന്‍ സഭ. ആധുനിക യൂറോപ്പിന്‍െറയും മധ്യേഷ്യയുടെയും രൂപീകരണത്തിന് വഴിവെച്ചത് ക്രിസ്ത്യന്‍ ലോകത്തെ ഏറ്റവും വലിയ രണ്ടു സഭകള്‍ തമ്മിലുള്ള അസ്വാരസ്യങ്ങളായിരുന്നു. ഇരു സഭകളും തമ്മില്‍ സമവായത്തിന്‍െറ പാത സ്വീകരിക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ വളരെ കാലങ്ങളായി സജീവമാണെങ്കിലും മധ്യേഷ്യയിലെ സാഹചര്യങ്ങളാണ് ഇരുകൂട്ടരെയും അടിയന്തര നടപടിക്ക് പ്രേരിപ്പിച്ചതെന്ന് കരുതുന്നു. കൂടിക്കാഴ്ചക്കുശേഷം ഇരു സഭാ അധ്യക്ഷന്മാരും ചേര്‍ന്ന് ഇറാഖിലും സിറിയയിലും വിശ്വാസികള്‍ നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കും. സിറിയയില്‍ റഷ്യയുടെ സൈനിക നടപടികള്‍ക്ക് റഷ്യന്‍ സഭയുടെ ഉറച്ച പിന്തുണയുണ്ട്. റഷ്യയുടെ ക്രീമിയയിലെ നടപടികള്‍ക്കും സഭയുടെ പിന്തണയുണ്ടായിരുന്നു.
അന്താരാഷ്ട്ര നയതന്ത്രത്തില്‍ സഭയുടെ പങ്ക് സജീവമാക്കാനും കൂടിക്കാഴ്ച സഹായകമാവും. റഷ്യയെ സൈനിക നടപടിയില്‍നിന്നും പിന്തിരിപ്പിക്കുന്നതില്‍ യൂറോപ്യന്‍ യൂനി     യനും യു.എസും പരാജയപ്പെട്ട സാഹചര്യത്തില്‍ നടത്തുന്ന കൂടിക്കാഴ്ച റഷ്യയെ സ്വാധീനിക്കുമെന്നും കരുതുന്നു. ലോകത്ത് സമാധാനം പുന$സ്ഥാപിക്കുന്നതില്‍ റഷ്യയുടെ പങ്ക് വലുതാണെന്ന് കഴിഞ്ഞ ദിവസം ഒരു വാരികക്കു നല്‍കിയ അഭിമുഖത്തില്‍ പോപ് ഫ്രാന്‍സിസ് പറഞ്ഞിരുന്നു. റഷ്യയുമായി സജീവബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് അദ്ദേഹം.
2013ല്‍ അഭിഷിക്തനായതിനു ശേഷം രണ്ട് തവണ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനെ അദ്ദേഹം വത്തിക്കാനില്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയം, കൂടിക്കാഴ്ചക്കു പിന്നില്‍ പുട്ടിനാണ് കരുക്കള്‍ നീക്കുന്നതെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.