സര്‍ക്കാര്‍ ജീവനക്കാരുടെ സമരം; ജര്‍മനിയില്‍ വിമാന സര്‍വിസുകള്‍ റദ്ദാക്കി

ബര്‍ലിന്‍: വേതനവര്‍ധന ആവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന സമരംമൂലം ജര്‍മനിയില്‍ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. ഹ്രസ്വകാലാടിസ്ഥാനത്തില്‍ നടത്തുന്ന സമരം രാജ്യത്തെ എട്ടോളം നഗരങ്ങളിലെ വിമാനത്താവളങ്ങളെ ബാധിച്ചു.

അഗ്നിശമനസേനാംഗങ്ങളുടെ സമരത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ 400ഓളം വിമാന സര്‍വിസുകളാണ് ഫ്രാങ്ക്ഫുര്‍ട്ട് വിമാനത്താവളത്തില്‍ മാത്രം റദ്ദായത്. സുരക്ഷാവിഭാഗമുള്‍പ്പെടെയുള്ള മറ്റു ജീവനക്കാരും സമരത്തില്‍ പങ്കാളികളായി. ഇതേതുടര്‍ന്ന് മ്യൂണിക്, കൊളോണ്‍, ഡസല്‍ഡോര്‍ഫ്, ഹാനോവര്‍, ബ്രെമെന്‍, ബര്‍ലിന്‍, ഹാംബര്‍ഗ് എന്നീ വിമാനത്താവളങ്ങളെ സാരമായി ബാധിച്ചു.

തങ്ങളുടെ 20 ലക്ഷം വരുന്ന അംഗങ്ങള്‍ക്ക് ആറു ശതമാനം വേതനവര്‍ധന നടപ്പാക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനയായ വെര്‍ഡൈയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അടുത്തദിവസം ആരംഭിക്കും. അതേസമയം, സമരം അന്യായമാണെന്ന് ആഭ്യന്തരമന്ത്രി തോമസ് ഡി. മെയ്സ്യര്‍ പറഞ്ഞു. അനാവശ്യ സമരമാണിത്. സര്‍ക്കാര്‍ മൂന്നു ശതമാനം വര്‍ധന വരുത്താന്‍ തയാറാണെന്ന് അറിയിച്ചതാണ്. സമരത്തിനുമുമ്പ് ഇതേപ്പറ്റി സംസാരിക്കാന്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.