വിമാനം വീഴ്ത്തല്‍: തുര്‍ക്കി– സിറിയ അതിര്‍ത്തിത്തര്‍ക്കവും

അങ്കാറ: ചൊവ്വാഴ്ച റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി സൈന്യം വെടിവെച്ചുവീഴ്ത്തിയ സംഭവം അന്താരാഷ്ട്ര സംഘര്‍ഷ സാധ്യതകള്‍ക്ക് ശക്തി പകര്‍ന്നുവെങ്കിലും അതിന്‍െറ പേരില്‍ യുദ്ധത്തിലേക്ക് എടുത്തുചാടില്ളെന്ന ഇരു രാജ്യങ്ങളുടെയും പ്രഖ്യാപനം  യുദ്ധാശങ്കകള്‍ക്ക് തിരശ്ശീല വീഴ്ത്തി.
അതിര്‍ത്തി ലംഘിച്ചതാണ് യുദ്ധവിമാനം തകര്‍ക്കാന്‍ പ്രേരണയായതെന്നത് തുര്‍ക്കി വാദിക്കുമ്പോള്‍ അതിര്‍ത്തിലംഘനം ഉണ്ടായില്ളെന്ന് മോസ്കോ വിശദീകരിക്കുന്നു. അതേസമയം, സിറിയയും തുര്‍ക്കിയും തമ്മില്‍ അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്ന മേഖലയിലാണ് വിമാനം വീഴ്ത്തിയതെന്ന റിപ്പോര്‍ട്ടുമായി കഴിഞ്ഞദിവസം  മാധ്യമങ്ങള്‍ രംഗത്തുവന്നു.  റഷ്യന്‍ വിമാനങ്ങള്‍ മേഖലയില്‍ നടത്തിയ അതിര്‍ത്തിലംഘനങ്ങളെ സംബന്ധിച്ച് തുര്‍ക്കി അധികൃതര്‍ അംബാസഡര്‍മാരെ വിളിച്ചുവരുത്തി പലതവണ താക്കീതുകള്‍ നല്‍കിയിരുന്നു. തുര്‍ക്കിയുടെ ഹതിയ പ്രവിശ്യയുടെ അതിരുകളെ ചൊല്ലി  സിറിയ നേരത്തേ ഉന്നയിച്ച അവകാശവാദങ്ങളെ പിന്തുണക്കുന്ന സമീപനമാണ് മോസ്കോ സ്വീകരിച്ചുവരുന്നത്. തുര്‍ക്കി വംശജരും അറബ് വംശജരും ഇടകലര്‍ന്നു താമസിക്കുന്ന മേഖലയാണിവിടം.
സിറിയയില്‍ കൊളോണിയല്‍ ഭരണം നടത്തിയിരുന്ന ഫ്രാന്‍സിന്  ഹതിയ പ്രവിശ്യയുടെ അധികാരം അനുവദിച്ചത് ലീഗ് ഓഫ് നേഷന്‍സ് ആയിരുന്നു. എന്നാല്‍, 1938ല്‍ തുര്‍ക്കിവംശജര്‍ നടത്തിയ സ്വാതന്ത്ര്യപ്രക്ഷോഭം വിജയിച്ചതോടെ പ്രവിശ്യ തുര്‍ക്കിയില്‍ ലയിക്കാന്‍ തീരുമാനിച്ചു. അതേസമയം, ഈ സ്വാതന്ത്ര്യ സമരത്തെയും ലയനത്തെയും  അംഗീകരിക്കാന്‍ കൂട്ടാക്കാതെ സിറിയ തുര്‍ക്കിയുമായി പ്രവിശ്യയെച്ചൊല്ലി വാഗ്വാദങ്ങള്‍ തുടര്‍ന്നു.
അതിര്‍ത്തിയുടെ ഇരുഭാഗങ്ങളിലും തുര്‍ക്കി വംശജര്‍ ധാരാളമായി താമസിച്ചുവരുന്നതിനാല്‍ ഭൂപ്രദേശപരമായ അതിരുകള്‍  അസംബന്ധമായി മാറുന്നതായി മേഖലയിലെ നിരീക്ഷകര്‍ വിലയിരുത്തുന്നു.
സിറിയയില്‍ സംഘര്‍ഷാന്തരീഷം ശക്തിപ്പെടുകയും റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വന്‍തോതില്‍ മേഖലയില്‍ ആക്രമണങ്ങള്‍ ആരംഭിക്കുകയും ചെയ്തതോടെ അതിര്‍ത്തിസംരക്ഷണം ശക്തിപ്പെടുത്താന്‍ നിര്‍ബന്ധിതരായ തുര്‍ക്കി അധികൃതര്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നതിനിടെയാണ് പ്രവിശ്യയുടെ വ്യോമാതിര്‍ത്തി ലംഘിക്കപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.