ഗസ്സയിലെ മാധ്യമപ്രവർത്തകരുടെ കൊലയെ അപലപിച്ച് യൂറോപ്യൻ യൂനിയൻ; ഗസ്സക്ക് കൂടുതൽ സഹായം അനുവദിക്കണമെന്നും ആവശ്യം

ഗസ്സസിറ്റി: ഗസ്സ മുനമ്പിൽ ഇസ്രായേൽ  അഞ്ച് മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയതിനെ അപലപിച്ച് യൂറോപ്യൻ യൂനിയൻ. ‘ഗസ്സ നഗരത്തിലെ അൽ ഷിഫ ആശുപത്രിക്കു പുറത്ത് ഇസ്രായേൽ വ്യോമാക്രമണത്തിൽ അൽ ജസീറ ലേഖകൻ അനസ് അൽ ഷെരീഫ് ഉൾപ്പെടെ അഞ്ച് അൽ ജസീറ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതിനെ യൂറോപ്യൻ യൂണിയൻ അപലപിക്കുന്നു’ -  ആക്രമണത്തെക്കുറിച്ച് ഓൺലൈനായി നടത്തിയ ചർച്ചക്കു പിന്നാലെ യൂറോപ്യൻ യൂനിയൻ വിദേശകാര്യ മന്ത്രിമാർ പ്രസ്താവനയിൽ അറിയിച്ചു. 

അല്‍ ജസീറ ലേഖൻമാരായ അനസ് അല്‍ ഷെരീഫ്, സഹ റിപ്പോര്‍ട്ടര്‍ മുഹമ്മദ് ഖ്രീഖ്, ഫോട്ടോഗ്രാഫര്‍മാരായ ഇബ്രാഹിം സഹര്‍, മുഹമ്മദ് നൗഫല്‍, മോമെന്‍ അലിവ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഷെരീഫ് ഹമാസിന്റെ ‘ഭീകര സെല്ലിന്’ നേതൃത്വം നൽകിയെന്നും ഇസ്രായേലികൾക്കെതിരെ ‘റോക്കറ്റ് ആക്രമണങ്ങൾ നടത്തുന്നതിന്’ ഉത്തരവാദിയാണെന്നും കൊലയെ ന്യായീകരിച്ചുകൊണ്ട് ഇസ്രായേൽ സൈന്യം ആരോപിച്ചിരുന്നു. എന്നാൽ, ഇസ്രായേലിന്റെ ആരോപണം യൂറോപ്യൻ യൂനിയൻ മുഖവിലക്കെടുത്തില്ലെന്നാണ് പുതിയ പ്രസ്താവനയിലൂടെ വെളിപ്പെടുന്നത്. മാധ്യമപ്രവർത്തകരെ ലക്ഷ്യം വെയ്ക്കുന്നത് ഒഴിവാക്കാൻ, ഇത്തരം ആരോപണങ്ങൾക്ക് നിയമാനുസൃതമായതും വ്യക്തമായതുമായ തെളിവുകൾ നൽകേണ്ടതുണ്ടെന്ന് യൂറോപ്യൻ ​മുന്നണിയുടെ വിദേശനയ മേധാവി കാജ കല്ലാസ് പറഞ്ഞു.

ഗസ്സയിലെ സംഘർഷത്തിൽ നടപടിയെടുക്കാൻ 27 രാജ്യങ്ങളുടെ കൂട്ടായ്മ പാടുപെടുകയാണ്. കാരണം, അത് ഇസ്രായേലിനെ ശക്തമായി പിന്തുണക്കുന്നവരും ഫലസ്തീനികൾക്കുവേണ്ടി പ്രതിരോധിക്കുന്നവരും എന്ന നിലയിൽ വിഭജിക്കപ്പെട്ടിരിക്കുന്നു.

ഗസ്സയിലേക്കുള്ള സഹായ ലഭ്യത വർധിപ്പിക്കുന്നതിനായി യൂറോപ്യൻ യൂനിയൻ കഴിഞ്ഞ മാസം ഒരു കരാറിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ, കരാർ ഭാഗികമായി മാത്രമേ നടപ്പിലാക്കാനായിട്ടുള്ളൂ എന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത്.

ഗസ്സയിലേക്ക് കൂടുതൽ സഹായം കടത്തിവിടാൻ അനുവദിക്കണമെന്ന് കല്ലാസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടു. സഹായം വരുന്നുണ്ടെങ്കിലും ആവശ്യങ്ങൾ വളരെ കൂടുതലാണ്. കൂടുതൽ ട്രക്കുകൾ കടത്തിവിടാനും സഹായത്തിന്റെ മികച്ച രീതിയിലുള്ള വിതരണം നടത്താനും ഞങ്ങൾ ഇസ്രായേലിനോട് അഭ്യർഥിക്കുന്നു’ വെന്നും അവർ പറഞ്ഞു.

Tags:    
News Summary - EU Condemns Israel's Killing Of Journalists In Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.