ചൈനയുടെ ഭീഷണി നേരിടാൻ ഏതറ്റം വരെയും പോകും -യുറോപ്യൻ കമീഷൻ പ്രസിഡന്റ്

വാഷിങ്ടൺ: ചൈനയുടെ ഭീഷണി നേരിടാൻ എല്ലാ വഴികളും നോക്കുമെന്ന് യുറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർലേയൺ. കഴിഞ്ഞ ഏതാനം ആഴ്ചകളായി അപൂർവ ധാതുക്കളുടെ കയറ്റുമതി കുറക്കാനുള്ള ചൈനീസ് തീരുമാനം വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. അതുകൊണ്ട് ചൈനക്കെതിരെ എല്ലാ ആയുധങ്ങളും പ്രയോഗിക്കുമെന്നും ഇക്കാര്യത്തിൽ ജി7 രാജ്യങ്ങളുമായി ചർച്ച നടത്തുമെന്നും അവർ പറഞ്ഞു. നേരത്തെ ചൈനക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണും പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങൾ, പ്രതിരോധ ഉപകരണങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിൽ അവിഭാജ്യ ഘടകമായ അപൂർവ ധാതുക്കളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഡിസംബർ ഒന്നുമുതലാണ് നിയന്ത്രണം നിലവിൽ വരുക. അപൂർവ ധാതുക്കൾ വിദേശത്തേക്ക് കൊണ്ടുപോകുന്നതിന് വിദേശ കമ്പനികൾ പ്രത്യേക അനുമതി നേടണം.

ഈ ധാതുക്കളുടെ ഖനനം, സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയുടെ കയറ്റുമതിക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സൈനിക ഉപകരണങ്ങൾക്കായി ഇത്തരം ധാതുക്കൾ കയറ്റുമതി ചെയ്യുന്നതിനുള്ള അപേക്ഷ നിരസിക്കുമെന്നും ചൈന വ്യക്തമാക്കി. അപൂർവ ധാതുക്കളിൽ 12 എണ്ണത്തിനാണ് ചൈന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഭൂമിയിൽ അത്ര വിരളമല്ലെങ്കിലും സംസ്കരിച്ചെടുക്കാൻ ഏറെ പ്രയാസമുള്ളതാണ് അപൂർവ ധാതുക്കൾ. ലോകത്തെ അപൂർവ ധാതുക്കളിൽ 60-70 ശതമാനവും ചൈനയിലാണ് ഉൽപാദിപ്പിക്കുന്നത്. അതേസമയം, ഈ ധാതുക്കളുടെ സംസ്കരണത്തിൽ ഇതിലും മുന്നിലാണ് ചൈനയുടെ സ്ഥാനം. 90 ശതമാനം സംസ്കരണവും ചൈനയിലാണ്.

സിവിലിയൻ, സൈനിക ആവശ്യങ്ങൾക്ക് ഈ ധാതുക്കൾ ഉപയോഗിക്കുന്നുണ്ട്. വൈദ്യുതി വാഹനങ്ങൾ, ലിഥിയം അയേൺ ബാറ്ററി, എൽ.ഇ.ഡി ടി.വി, കാമറ ലെൻസ്, കമ്പ്യൂട്ടർ ചിപ്പ് എന്നിവയിൽ ഉപയോഗിക്കുന്നു. അമേരിക്കൻ പ്രതിരോധ മേഖലക്കും ഇവ അത്യന്താപേക്ഷിതമാണ്. എഫ് -35 യുദ്ധ വിമാനങ്ങൾ, മുങ്ങിക്കപ്പല​ുകൾ, ടോമഹോക് മിസൈൽ, റഡാർ സംവിധാനം, ഡ്രോണുകൾ, സ്മാർട്ട് ബോംബുകൾ എന്നിവയുടെ നിർമാണത്തിനും ഇവ ഉപയോഗിക്കുന്നു.

Tags:    
News Summary - EU Chief Considering All Options Over China Rare-Earth Threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.